പുനലൂർ: തമിഴ്നാട്ടിൽ കോവിഡ് വൈറസ് വ്യാപകമായ സാഹചര്യം കണക്കിലെടുത്ത് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പുനലൂർ താലൂക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പുനലൂർ പൊതുമരാമത്ത് വകുപ്പ് കോൺഫറൻസ് ഹാളിൽ നടന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
താലൂക്കിൽ താമസിച്ച് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കുകൾ ശേഖരിക്കാൻ റവന്യൂ, സാമൂഹിക വകുപ്പുകളെ ചുമതലപ്പെടുത്തി. ഇവർക്ക് ആവശ്യമായ ഭക്ഷണവും ഭക്ഷ്യകിറ്റുകളും നൽകണം. താലൂക്കിലെ ആശുപത്രികളിൽ മരുന്നുകളുടെ കുറവ് ഉള്ളത് അടിയന്തരമായി പരിഹരിക്കാൻ യോഗത്തിൽ പങ്കെടുത്ത താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷയെ ചുമതലപ്പെടുത്തി. താലൂക്കിലെ ജനങ്ങൾ ജാഗ്രതയും സാമൂഹിക അകലവും പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. രാജൻ, ആർ. ലൈലജ, മിനി, രവീന്ദ്രനാഥ്, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, പുനലൂർ ഡിവൈ.എസ്.പി അനിൽദാസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർമാരായ സുനിൽബാബു, ഷാനവാസ്,തഹസിൽദാർ ജി.നിർമ്മൽകുമാർ, പുനലൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. അജി തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുത്തു.