beaf
ശക്തികുളങ്ങരയിലെ സാമൂഹിക അടുക്കളയിൽ പൊതിച്ചോർ തയ്യാറാക്കാനായി മേയറും ഡെപ്യൂട്ടി മേയറും സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ജെ. രാജേന്ദ്രനും ചിന്ത.എൽ. സജിത്തും ചേർന്ന് ബീഫ് റോസ്റ്റ് ചെമ്പിൽ നിന്ന് പകർന്നെടുക്കുന്നു

 സാമൂഹിക അടുക്കളകളിൽ ഈസ്റ്റർ സ്പെഷ്യൽ ബീഫ്

കൊല്ലം: വലിയ ചെമ്പിൽ വെന്തുകൊണ്ടിരുന്ന ബീഫ് റോസ്റ്റിൽ മേയർ അല്പം ഉപ്പ് വിതറി. ഡെപ്യൂട്ടി മേയർ അല്പം മുളകുപൊടി കൂടിയിട്ടു. പിന്നെ രണ്ടുപേരും ചേർന്ന് പത്ത് മിനിറ്റ് ഇളക്കി. മണമടിച്ച് അടുക്കളയിലേക്ക് ഓടിയെത്തിയ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജെ. രാജേന്ദ്രൻ രുചിച്ച് നോക്കിയിട്ട് പറഞ്ഞു. '' മേയറുടെയും ഡെപ്യൂട്ടി മേയറുടെയും കൈപ്പുണ്യം സൂപ്പർ''

നഗരത്തിലെ ഒരു ഇറച്ചി വ്യാപാരിയാണ് ശക്തികുളങ്ങരയിലെ സാമൂഹിക അടുക്കളയ്ക്ക് ഈസ്റ്റർ പ്രമാണിച്ച് 40 കിലോ പോത്തിറച്ചി സൗജന്യമായി നൽകിയത്. രാവിലെ ഇറച്ചി എത്തിയപ്പോൾ തന്നെ പി.ജെ. രാജന്ദ്രനും കൗൺസിലർ മീനാകുമാരിയും ചേർന്ന് സവാളയും ഇഞ്ചിയും മുളകുമെല്ലാം അരിഞ്ഞു. തൊട്ടുപിന്നാലെ എസ്. ജയനും രാജലക്ഷ്മി ചന്ദ്രനും അടക്കമുള്ള കൗൺസിലർമാർ ഒരോത്തരായി എത്തി. ഏറ്റവുമൊടുവിൽ മേയറും ഡെപ്യൂട്ടി മേയറുമെത്തി പാചകം ഏറ്റെടുത്തു. മൊട്ടക്രോസ് തോരൻ, മാങ്ങ അച്ചാർ, സാമ്പാർ എന്നിവയായിരുന്നു മറ്റ് വിഭവങ്ങൾ.

500 പൊതിച്ചോറുകളാണ് ഇന്നലെ ശക്തികുളങ്ങരയിലെ സാമൂഹിക അടുക്കളയിൽ നിന്ന് വിതരണം ചെയ്തത്. വടക്കേവിളയിലെ സാമൂഹിക അടുക്കളയിൽ ഈസ്റ്റർ സ്പെഷ്യൽ ബീഫ് കറിയായിരുന്നു. ഇരവിപുരത്ത് ബീഫ് കറിയും നെയ്ച്ചോറും. വടക്കേവിളയിൽ 550 പൊതിയും ഇരവിപുരത്ത് 330 പൊതിയും ഇന്നലെ ഉച്ചയ്ക്ക് വിതരണം ചെയ്തു.