കരുനാഗപ്പള്ളി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ. ഈ സേവനങ്ങൾ ലഭിക്കുന്നതിനായി സ്കൂൾ ഫേസ് ബുക്കിൽ Girls H S 2020 SSLC എന്ന പേരിൽ ഗ്രൂപ്പ് ആരംഭിച്ചു.. കുട്ടികളിൽ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് രക്ഷിതാക്കളുടെ അക്കൗണ്ട് ഉപയോഗിക്കാം.
ഓരോ വിഷയത്തിന്റെയും സ്റ്റഡി മെറ്റീരിയൽസ്, മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ, ഉത്തര സൂചകങ്ങൾ, പഠന സഹായ വീഡിയോകൾ, ചിത്രങ്ങൾ, സ്കൂളിലെ അദ്ധ്യാപകരുടെ തത്സമയ വീഡിയോ ക്ലാസുകൾ എന്നിങ്ങനെ ധാരാളം സേവനങ്ങൾ ഈ ഗ്രൂപ്പിലൂടെ ലഭിക്കും. ഓരോ ദിവസവും മാതൃകാ പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കും അവയുടെ ഉത്തരങ്ങൾ കുട്ടികൾ എഴുതി മൊബൈലിൽ ചിത്രമെടുത്ത് അദ്ധ്യാപകർക്ക് വാട്ട്സ് ആപ് സന്ദേശമായി അയക്കാം. ഉത്തരങ്ങൾ പരിശോധിച്ച് ഓരോരുത്തർക്കും ലഭിച്ച മാർക്കും ഉത്തര സൂചികയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. കുട്ടികൾക്ക് കമന്റ് ബോക്സുകളിലൂടെയും പോസ്റ്റുകളിലൂടെയും പഠന സംശയങ്ങൾ അദ്ധ്യാപകരുമായി പങ്കവയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വിളിക്ക് കാതോർത്ത് അദ്ധ്യാപകർ
വിദ്യാർത്ഥികളെ സഹായിക്കാൻ ടീച്ചർ ഓൺ കാൾ എന്ന പ്രത്യേക പരിപാടിയും സ്കൂളിൽ നടപ്പാക്കുന്നുണ്ട്. ഗണിതം, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകർ വൈകിട്ട് 3 മുതൽ രാത്രി 9 വരെ ഒരു മണിക്കൂർ വീതം കുട്ടികളുടെ പഠന സംശയങ്ങൾക്ക് ഫോണിലൂടെ മറുപടി നൽകും. ഓരോ ദിവസവും ടീച്ചർ ഓൺ കാളിൽ വരുന്ന അദ്ധ്യാപകരുടെ പേരും ഫോൺ നമ്പരും ഫേബുക്ക് ഗ്രൂപ്പിലും വാട്ട്സ് ആപ്പിലും മുൻകൂട്ടി പ്രസിദ്ധീകരിക്കും. പരീക്ഷയുടെ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം ലഭിച്ച ടീച്ചർ കൗൺസലിംഗ് നൽകുന്നു. ഈ സേവനങ്ങൾ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന 568 കുട്ടികൾക്കും ലഭിക്കും.
......................................................
കുട്ടികളുടെയും രക്ഷാകർത്താക്കളുടെയുെം വലിയ പിന്തുണയാണ് അധ്യാപകരുടെ ഈ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്.
ലോക്ക് ഡൗൺ വ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് സ്കൂൾ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കിയിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗസ്ഥരുടെ അംഗീകാരവും ഈ പ്രവർത്തനങ്ങൾക്കുണ്ട്. വരും ദിവസങ്ങളിൽ വിദഗ്ദ്ധരുടെ തത്സമയ ക്ലാസുകളുൾപ്പടെ കൂടുതൽ മെച്ചപ്പെട്ട സഹായം കുട്ടികളൾക്ക് ലഭ്യമാക്കും.
ബി. രമാദേവിഅമ്മ, ഹെഡ്മിസ്ട്രസ്