കൊല്ലം: നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇളമ്പൽ കോട്ടവട്ടം സ്വദേശിനിയായ യുവതിയെയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ വളർത്താൻ നിവൃത്തിയില്ലാഞ്ഞതിനാലാണ് ആതുരാലയത്തിന് മുന്നിൽ ഉപേക്ഷിച്ചതെന്ന് യുവതിയുടെ പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ ദിവസം രാത്രിയിൽ വിളക്കുടി സ്നേഹതീരത്തിന് സമീപത്തെ വീടിന് മുന്നിൽ നിന്ന് മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. അടൂർ താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ പ്രസവിച്ചത്. ഈ കുഞ്ഞിനെ കൂടാതെ പെൺകുട്ടികളടക്കം ഇവർക്ക് നാല് കുട്ടികളുണ്ട്. പത്തനംതിട്ട ജില്ലയിൽ നിന്ന് വന്നതിനാൽ യുവതിയെയും മൂന്നു മക്കളെയും വിളക്കുടി പഞ്ചായത്തിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു.