easter

കൊല്ലം: "എനിക്കെന്റെ മക്കളെ കാണണം. അവർക്കുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ഇത്രയും കാലം ഇതുവരെ അവരെ കാണാതിരുന്നിട്ടില്ല." പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ പരിശോധനയ്ക്കിടെ ഡോക്ടർ ഈസ്റ്റർ വിശേഷങ്ങൾ തിരക്കിയപ്പോഴാണ് പ്രാക്കുളം സ്വദേശിയായ വീട്ടമ്മ ഇതുപറഞ്ഞ് പൊട്ടിക്കരഞ്ഞത്.

''ഞങ്ങൾ വീട്ടിൽ പോയിട്ട് ഒരുമാസത്തോളമായി" വീട്ടമ്മയെ ആശ്വസിപ്പിക്കാൻ ഡോക്ടർമാരും നഴ്സുമാരും പറഞ്ഞു. മുൻ വർഷങ്ങളിൽ ഈസ്റ്റർ ആഘോഷിച്ചതിന്റെ ഓർമ്മകൾ വീട്ടമ്മ ഓർത്തെടുത്തു. 'പെസഹ വ്യാഴത്തിന് അതിയാനും മക്കളുമൊന്നിച്ച് പ്രാക്കുളം ഐപ്പുഴ പള്ളിയിൽ കാൽ കഴുകൽ ശുശ്രൂഷയ്ക്ക് പോകും. ദുഃഖവെള്ളിക്ക് കുരിശിന്റെ വഴി പ്രദക്ഷിണത്തിലും പങ്കെടുക്കും. ഈസ്റ്റർ തലേന്ന് ഉയിർപ്പ് തിരുന്നാളുമായി ബന്ധപ്പെട്ട ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പുലർച്ചെ രണ്ടു മണിയാകും.

‌"ഞങ്ങൾ പാവങ്ങളാ, ഈസ്റ്ററിന് വലിയ ആഘോഷങ്ങളൊന്നുമില്ല. എങ്കിലും മക്കൾക്ക് ഇറച്ചിക്കറിവച്ച് നൽകും. ഇത്തവണയും എന്റെ മക്കൾ ഇറച്ചിക്കറി കൊതിക്കുന്നുണ്ടാകും. ഞാനില്ലാതെ അവർക്കെന്ത് ഈസ്റ്റർ. " വീട്ടമ്മ വീണ്ടും വിതുമ്പി. ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയായ പ്രവാസിയുടെ ഭാര്യാ സഹോദരിയാണ് ഈ വീട്ടമ്മ. പ്രാക്കുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഈ വീട്ടമ്മയും രോഗബാധിതയാവുകയായിരുന്നു. ഇവരുടെ പരിശോധനാഫലം വീണ്ടും പരിശോധനയ്ക്കയച്ചിരിക്കുകയാണ്. തുടർച്ചയായി രണ്ടു തവണ ഫലം നെഗറ്റീവായാൽ വീട്ടിലേക്കു മടങ്ങാം.