കൊല്ലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി. തൊഴിലാളികളുടെ സംസ്ഥാനം, മേൽവിലാസം, ആധാർ നമ്പർ, ബാങ്ക് വിവരങ്ങൾ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. അസിസ്റ്റന്റ് ലേബർ ഓഫീസർമാർ ജില്ലയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ മുഖേനയാണ് വിവരശേഖരണം. ഇതിനോടകം 2,365 അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചു. ഇന്ന് വൈകുന്നേരത്തോടെ വിവരശേഖരണം പൂർത്തിയാകുമെന്ന് ജില്ലാ ലേബർ ഓഫീസർ എ. ബിന്ദു അറിയിച്ചു.