കരുനാഗപ്പള്ളി: പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾക്ക് മുടങ്ങാതെ പ്രഭാത ഭക്ഷണമെത്തിച്ച് സി.പി. എം പ്രവർത്തകർ. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള രോഗികൾക്കാണ് കഴിഞ്ഞ 18 ദിവസമായി പ്രഭാത ഭക്ഷണമെത്തിക്കുന്നത്. ഉച്ചയ്ക്ക് സാമൂഹിക അടുക്കളയിൽ നിന്നുള്ള ഭക്ഷണമെത്തിക്കും. എന്നാൽ രാവിലത്തെ ഭക്ഷണത്തിന് പ്രയാസമായതോടെ ആശുപത്രി അധികൃതർ പാർട്ടിയുടെ സഹായം തേടുകയായിരുന്നു. കുലശേഖരപുരം സൗത്തിലെ കാട്ടുംപുറം ബ്രാഞ്ച് കമ്മിറ്റിയാണ് സഹായവുമായി എത്തിയത്. ദോശ, പൊറോട്ട, ഇഡലി തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളാണ് ഓരോ ദിവസവും നൽകുന്നത്. ബി. കൃഷ്ണകുമാർ, ബാബുരാജ്, ബ്രാഞ്ച് സെക്രട്ടറി ഷിയാദ് രാമകൃഷ്ണൻ, മൻസൂർ,ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.