waste-
കായലിൽ തള്ളിയ ചത്തകോഴികൾ. കടവൂർ പാലത്തിന് അടിവശത്ത് നിന്നുള്ള കാഴ്ച

അഞ്ചാലുംമൂട് : ചത്ത കോഴികളും ഇറച്ചിക്കോഴി മാലിന്യവും സാമൂഹ്യവിരുദ്ധർ അഷ്ടമുടി കായലിലേക്ക് തള്ളി. കഴിഞ്ഞദിവസം പുലർച്ചെ മൂന്നരയോടെ കടവൂർ ബൈപ്പാസ് പാലത്തിന് മുകളിൽ നിന്നാണ് ചാക്കിൽ കെട്ടിയ മാലിന്യം കായലിലേക്ക് തള്ളിയത്. പത്തോളം ചത്ത കോഴികളും രണ്ട് ചാക്കിലായി കെട്ടിയ മാലിന്യങ്ങളുമാണ് കായലിൽ നിക്ഷേപിച്ചതെന്ന് നാട്ടുകാർ പറയുന്നു. വേലിയേറ്റ സമയത്ത് കായലിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ ഒഴുകി സമീപ പ്രദേശങ്ങളിൽ എത്തുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപപ്രദേശങ്ങളിൽ സി.സി ടിവി ഇല്ലാത്തതിനാലാണ് കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്തത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയും സമാനസംഭവമുണ്ടായതായി സമീപവാസിയായ മത്സ്യത്തൊഴിലാളി പറഞ്ഞു. പാലത്തിന് മുകളിൽ നിന്ന് കായലിലേക്ക് എന്തോ വീഴുന്നത് കണ്ട് വള്ളം അടുപ്പിച്ചപ്പോഴാണ് അറവ് മാലിന്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പാലത്തിന്റെ ഇരുഭാഗത്തും പൊലീസ് പട്രോളിംഗ് ശക്തമാണെങ്കിലും പാലത്തിന് മുകളിൽ നിറുത്തുന്ന വാഹനങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടാറില്ല. പാലത്തിൽ കാമറ സ്ഥാപിക്കുകയോ പൊലീസ് നിരീക്ഷണം ശക്തമാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.