കൊല്ലം: കൂട്ടിക്കടയിൽ വൈദ്യുതി പോസ്റ്റിലേക്ക് കാർ ഇടിച്ചു കയറിയതിനെ തുടർന്ന് കൂട്ടിക്കട, വെൺപാലക്കര, ആറാട്ടുകുളം മേഖലകളിൽ ഇന്നലെ പകൽ മുഴുവൻ വൈദ്യുതി ലോക്ക് ഡൗൺ ആയി. ഇന്നലെ രാവിലെ 8 മണിയോടെ പീടിക മുക്കിൽ നിന്ന് കൂട്ടികടയിലേക്ക് വന്ന മയ്യനാട് കാരിക്കുഴി സ്വദേശിയുടെ വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്. ഇടറോഡിൽ നിന്ന് പെട്ടെന്ന് കയറി വന്ന ഇരുചക്ര വാഹനക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് കാർ വൈദ്യുതി തൂണിലേക്ക് ഇടിച്ചു കയറിയത്. സാരമായി പരിക്കേറ്റ യുവാവിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിടിച്ചതിനെ തുടർന്ന് ഒടിഞ്ഞ് വീണ 11 കെ.വി ലൈൻ കടന്നു പോകുന്ന പോസ്റ്റ് വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പകൽ മുഴുവൻ പണിപ്പെട്ടാണ് മാറ്റി സ്ഥാപിച്ചത്. വൈകിട്ടോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്.