ambu
ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രസവിച്ച കുഞ്ഞുമായി 108 ആംബുലൻസ് ജീവനക്കാർ

കൊല്ലം: ഈസ്റ്റർ പുലരിയിൽ 108 ആബുലൻസിനുള്ളിൽ വച്ച് കുഞ്ഞ് പിറന്നു. ഞായറാഴ്ച പുലർച്ചെ പ്രസവ വേദന കൊണ്ട് പിടയുകയായിരുന്ന യുവതിയെ വീട്ടിൽ നിന്ന് ആബുലൻസിലേക്ക് കയറ്റുന്നതിനിടയിൽ പ്രസവിക്കുകയായിരുന്നു.

പുലർച്ചെ ഒന്നേകാലോടെ പാരിപ്പള്ളി ചാവർകോടായിരുന്നു സംഭവം. യുവതിക്ക് പ്രസവ വേദന തുടങ്ങിയപ്പോൾ തന്നെ വീട്ടുകാർ സ്വകാര്യ ടാക്സി വാഹനങ്ങൾ വിളിച്ചെങ്കിലും ലോക്ക് ഡൗണായതിനാൽ ആരും വരാൻ തയ്യാറായില്ല. ഒടുവിലാണ് 108 ആംബുലൻസിനെ ബന്ധപ്പെട്ടത്. ഒന്നോടെ പാരിപ്പള്ളിയിലെ 108 ആംബുലൻസിന് കൺട്രോൾ റൂമിൽ നിന്ന് വിളിയെത്തി. 1.15ഓടെ ചാവർകോട്ടെ വീട്ടിലെത്തിയപ്പോൾ യുവതി പ്രസവ വേദനയാൽ പിടയുകയായിരുന്നു. ആംബുലൻസിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ യുവതി ആൺകുഞ്ഞിനെ പ്രസവിച്ചു. ആബുലൻസിലെ മെയിൽ നഴ്സ് ആസിഫ് മുഹമ്മദും പൈലറ്റും ശ്യാം.എസ്.ആറും ചേർന്ന് പ്രാഥമിക പ്രസവ ശുശ്രൂഷകൾ നൽകിയ ശേഷം യുവതിയെയും കുഞ്ഞിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആവിടെ കുഞ്ഞിന്റെ ആരോഗ്യ നില പരിശോധിച്ച ശേഷം പുലർച്ചെ മൂന്നോടെ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.