കൊട്ടാരക്കര: ഈസ്റ്റർ വിപണി ലക്ഷ്യമാക്കി തമിഴ്നാട്ടിൽ നിന്ന് പുനലൂരിലേക്ക് കൊണ്ടുപോയ പഴകിയ 1,100 കിലോ കോഴിയിറച്ചി ഫുഡ് സേഫ്ടി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. തമിഴ്നാട് പളനിയിൽ നിന്ന് പുനലൂർ ടൗണിലേക്ക് കൊണ്ടുവന്ന ഇറച്ചി ഇന്നലെ ഉച്ചക്ക് 12 ഓടെ ഏനാത്ത് പാലത്തിന് സമീപമാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇറച്ചി കൊണ്ടുവന്ന മിനിലോറിയിലെ ശീതീകരണ സംവിധാനത്തിലെ പിഴവുമൂലമാണ് ഫ്റോസൺ ചിക്കൻ കേടായത്.
ദുർഗന്ധം വമിച്ചുതുടങ്ങിയ ഇറച്ചി കളക്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷിന്റെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ മിനിലോറിയിലെ ജീവനക്കാർ തന്നെ ഏനാത്ത് പാലത്തിന് സമീപം കുഴിയെടുത്തു മൂടുകയായിരുന്നു. ഡെപ്യൂട്ടി തഹസീൽദാർ എൻ.രാമദാസ്, ഫുഡ് സേഫ്ടി ഓഫീസർ എസ്. നിഷാറാണി എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.