അഞ്ചാലുംമൂട് : ക്ഷീരകർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച സമാശ്വാസ തുകയ്ക്കൊപ്പം തത്തുല്യ തുക കൂടി വിതരണം ചെയ്ത് തൃക്കരുവ വടക്കേക്കര ക്ഷീരസംഘം. മാർച്ച് ഒന്ന് മുതൽ 20 വരെ അളന്ന പാലിന്റെ അളവിന് അനുസരിച്ച് ലിറ്റർ ഒന്നിന് ഒരുരൂപ കൂടി അധികമായി ക്ഷേമനിധി അംഗങ്ങളായ കർഷകർക്ക് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഇതോടൊപ്പം ഓരോ കർഷകനും ലഭിക്കുന്ന തുകയ്ക്ക് തുല്യമായ തുകകൂടി നൽകിയാണ് സംഘം മാതൃകയായത്. ക്ഷേമനിധിയിൽ അംഗമല്ലാത്തവർക്കും തുക നൽകുമെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു. സമാശ്വാസ തുകയുടെ വിതരണം സംഘം പ്രസിഡന്റ് പെരിനാട് തുളസി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി. ശ്രീകുമാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന എന്നിവർ പങ്കെടുത്തു.