c
കൊല്ലം ഇൻഫന്റ് ജീസസ് കത്രീഡൽ ദേവാലയത്തിൽ നടന്ന ഉയർപ്പ് തിരുന്നാൾ പാതിരാ കുർബാനയിൽ ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശേരി പെസഹാ തിരിയും ഹന്നാൻ വെള്ളവും ആശീർവദിക്കുന്നു

കൊല്ലം: ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവിലെത്തിയ ഉയർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ആഘോഷങ്ങളില്ലാതെ കടന്നുപോയി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിലെ പ്രാർത്ഥനാ നിർഭരമായ ചടങ്ങുകളിൽ വൈദികർ തനിച്ചായിരുന്നു. കുർബാനയും മറ്റ് ചടങ്ങുകളും നവമാദ്ധ്യമങ്ങളിലൂടെ തത്സമയം വിശ്വാസികൾക്ക് മന്നിലെത്തി.

തങ്കശേരി ഇൻഫന്റ് ജീസസ് ദേവാലയത്തിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ കാർമ്മികത്വത്തിൽ പാതിരാ തിരുകർമ്മങ്ങൾ നടന്നു. കൊല്ലം സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പുലർച്ചെ 2ന് നടന്ന തിരു കർമ്മങ്ങൾക്ക് കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് കാർമ്മികത്വം വഹിച്ചു. ചിന്നക്കട സി.എസ്.ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ പുലർച്ചെ അഞ്ചിന് നടന്ന തിരകർമ്മങ്ങൾക്ക് ബിഷപ്പ് ഉമ്മൻ ജോർജ് കാർമ്മികത്വം വഹിച്ചു.

നൂറ് കണക്കിന് വിശ്വാസികൾ ഉയർത്തെഴുന്നേൽപ്പിന്റെ പ്രാർത്ഥനയുമായി തിങ്ങിനിറഞ്ഞിരുന്ന ദാവലായങ്ങളിൽ ഇത്തവണ വൈദികനും സഹായിയും മാത്രമാണ് തിരുകർമ്മങ്ങളിൽ പങ്കെടുത്തത്. പക്ഷേ ചടങ്ങുകൾ തത്സമയം വിശ്വാസികളുടെ മൊബൈൽ സ്ക്രീനിൽ എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി. അതിനാൽ ദേവാലയങ്ങളിൽ എത്താനായില്ലെങ്കിലും തിരുകർമ്മങ്ങൾ കാണാനും പ്രാർത്ഥിക്കാനും വിശ്വാസികൾക്ക് എല്ലാവർക്കുമായി. സമൂഹത്തിലാകെ പ്രതിസന്ധിയുടെ നിഴൽ നിലനിൽക്കുന്നതിനാൽ വീടുകളിലും വലിയ ആഘോഷങ്ങളില്ലാതെയാണ് ഈസ്റ്ററിനെ വരവേറ്റത്.