അഞ്ചൽ: ഏരൂർ ഇളവറാംകുഴിയിൽ വ്യാജവാറ്റ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ ആർ.പി.എൽ എട്ടാം ബ്ലോക്ക് സ്വദേശി ശശി എന്ന വിളിക്കുന്ന ത്യാഗരാജൻ, അഗസ്ത്യക്കോട് അഞ്ജലി ഭവനിൽ പ്രവീൺ എന്നിവരാണ് പിടിയിലായത്. ഏരൂർ സി.ഐ ജി. സുബാഷ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ പ്രവീണിന്റെ ഇളവറാംകുഴിയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. സി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ലോക്ക് ഡൗൺ മൂലം മദ്യം ലഭിക്കാതെ വന്നതോടെ ആർ.പി.എൽ, ഓയിൽപാം എസ്‌റ്റേറ്റുകൾ കേന്ദ്രീകരിച്ച് വാറ്റ് വ്യാപകമാകുമെന്ന് പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിൽ പ്രദേശത്ത് കർശന പരിശോധനയാണ് നടത്തുന്നത്. മദ്യപിച്ചെത്തുന്നവരെ ചോദ്യം ചെയ്തതിലൂടെയാണ് മദ്യ ലഭ്യത എവിടെ നിന്നെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ ഷാനവാസ് തങ്കച്ചൻ, എ.എസ്.ഐ അനിൽ കുമാർ, മധു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.