കുന്നത്തൂർ: കൊവിഡ് 19 വ്യാപനം തടയാനായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ അമ്യൂസ്‌മെന്റ് പാർക്ക് ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിൽ. സംസ്ഥാനത്ത് കൊവിഡ് ഭീഷണി വ്യാപകമാകുന്നതിനു മുമ്പ്തന്നെ മുൻ കരുതലെന്ന നിലയിൽ മാർച്ച് മാസം അവസാനത്തോടെ വിവിധ പാർക്കുകൾ അടച്ചുപൂട്ടിയിരുന്നു. തുടർന്ന് സർക്കാർ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. അതോടെ ശമ്പളം ലഭിക്കാതെ ജീവനക്കാർ വീടുകളിലേക്ക് മടങ്ങി. പാർക്കുകളിൽ വിവിധ സെക്ഷനുകളിലായി സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് ജീവനക്കാരാണ് ജോലി ചെയ്തുവരുന്നത്. മാർക്കറ്റിംഗ് വിഭാഗത്തിൽ വിവിധ ജില്ലകളിലും ഇതര സംസ്ഥാനങ്ങളിലുമായി നിരവധി ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്. ലോക്ക് ഡൗൺ മൂലം മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാർക്കറ്റിംഗ് ജീവനക്കാർക്ക് നാട്ടിലേക്ക് മടങ്ങാനും കഴിഞ്ഞിട്ടില്ല. ജോലി ചെയ്ത മാസത്തെ ശമ്പളമെങ്കിലും ലഭ്യമാക്കാൻ അധികൃതർ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പാർക്ക് ഉടമകളെയും മാനേജർമാരെയും ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല
പാർക്ക് ജീവനക്കാർ
ഹൗസ് ബോട്ട് ജീവനക്കാരും ദുരിതത്തിൽ
പാർക്കുകൾക്കൊപ്പം ആലപ്പുഴയിലെയും കുമരകത്തെയും ഹൗസ് ബോട്ടുകളിലെ ജീവനക്കാരും ദുരിതത്തിലാണ്. കൊവിഡ് 19 മൂലം ടൂറിസം മേഖലയിലുണ്ടായ തളർച്ച പാർക്കുകളെയും ഹൗസ് ബോട്ടുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അതിനിടെ മുഴുവൻ മേഖലകളിലെ തൊഴിലാളികൾക്കും സർക്കാർ ധനസഹായം ലഭ്യമാക്കിയപ്പോൾ തങ്ങളെ മാത്രം ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് പാർക്ക് ജീവനക്കാർ പറഞ്ഞു.
2 മാസത്തെ ശമ്പളം കിട്ടാനുണ്ട്
ജോലി ചെയ്ത കാലയളവിലെയും ലോക്ക് ഡൗൺ ഘട്ടത്തിലെയും ചേർത്താൽ രണ്ടു മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ശമ്പളം മുടങ്ങിയതോടെ പാർക്കുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയ പലരുടെയും അവസ്ഥ ദയനീയമാണ്. പല കുടുംബങ്ങളും അരപ്പട്ടിണിയിലാണ്. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള വിവിധ ജില്ലകളിലായി ചെറുതും വലുതുമായ നിരവധി പാർക്കുകളാണ് പ്രവർത്തിച്ചു വരുന്നത്.