ഒരംഗത്തിന് 20,000 രൂപ വരെ
കൊല്ലം: ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടം നേരിടുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ജില്ലയിൽ 149 കോടി രൂപയുടെ പലിശ രഹിത വായ്പ. ഒരംഗത്തിന് 20,000 രൂപ വരെ വായ്പയായി ലഭിക്കും. കുടുംബശ്രീ അയൽക്കൂട്ട വായ്പയാണ് പദ്ധതി നടപ്പാക്കുക. കഴിഞ്ഞ വർഷം ഡിസംബർ 31ന് മുമ്പായി രൂപീകരിച്ച അയൽക്കൂട്ടങ്ങളാണ് വായ്പ ലഭിക്കുക.
കൂടുതൽ വായ്‌പ ആവശ്യമുള്ളവർക്ക് സാധാരണ ലിങ്കേജ് വായ്‌പ ആവശ്യാനുസരണം എടുക്കാവുന്നതാണ്. പലിശ സബ്‌സിഡി 149 കോടി രൂപയ്‌ക് മാത്രമേ ലഭിക്കുകയുള്ളൂ.
മാനദണ്ഡങ്ങൾ
1. പ്രതിമാസ വരുമാന പരിധി പതിനായിരം രൂപയിൽ താഴെയാകണം.
2. നിലവിൽ രണ്ടിലധികം വായ്‌പ ബാക്കി നിൽക്കരുത്.
3. ചിട്ടയായ പ്രവർത്തനവും യാഥാസമയം ഓഡിറ്റ് നടത്തുന്നതുമായ അയൽക്കൂട്ടങ്ങൾക്ക് മാത്രമേ വായ്പ ലഭിക്കൂ.
4. ഒമ്പത് ശതമാനം പലിശ നിരക്കിൽ വായ്പ എടുക്കുന്ന അയൽക്കൂട്ടങ്ങൾക്ക് പലിശ തുക വാർഷിക ഗഡുക്കളായി സർക്കാർ തിരികെ നൽകും.
5. വായ്‌പ ആവശ്യമുള്ള അയൽക്കൂട്ടങ്ങൾ തങ്ങളുടെ വായ്‌പ ആവശ്യം തിട്ടപ്പെടുത്തി സി.ഡി.എസുകൾക്ക് സമർപ്പിക്കണം.
6. സി.ഡി.എസുകൾ അപേക്ഷ കുടുംബശ്രീ ജില്ലാ മിഷന് കൈമാറും
7. അനർഹരെ ഏത് ഘട്ടത്തിലും ഒഴിവാക്കും.
ഒരാഴ്ചയ്ക്കുള്ളിൽ തിട്ടപ്പെടുത്തണം
ഒരാഴ്ചക്കുള്ളിൽ സി.ഡി.എസുകൾ വായ്പ ആവശ്യം തിട്ടപ്പെടുത്തേണ്ടതാണ്. തുടർന്ന് ഓരോ സി.ഡി.എസിനും അർഹതപ്പെട്ട വായ്പാ പരിധി നിശ്ചയിച്ച് നൽകും. ഇതിന് ശേഷം നിലവിൽ ഇടപാടുള്ള ബാങ്ക് വഴി വായ്പ എടുക്കാവുന്നതാണെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എ.ജി.സന്തോഷ് അറിയിച്ചു.