എഴുകോൺ: ലോക്ക് ഡൗൺ കാലത്ത് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ച് നാട്ടുകാർക്ക് ഇടയ്ക്കിടം വിജ്ഞാനോദയം വായനശാല. ലോക്ക് ഡൗൺ ആയതിനെ തുടർന്ന് അംഗങ്ങൾക്ക് വായനശാലയിൽ എത്താൻ കഴിയാത്തതിനാലാണ് പുസ്തകങ്ങൾ ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചത്. ആശാ വർക്കർമാർ വഴിയാണ് പുസ്തകങ്ങൾ വീടുകളിൽ എത്തിക്കുന്നത്.
ആവശ്യക്കാർ വായനശാലാ ഭാരവാഹികളോടോ അതത് ആശാ വർക്കർമാരോടോ പുസ്തകങ്ങൾ പറഞ്ഞാൽ അത് വീട്ടിൽ എത്തിക്കും. ആദ്യമൊക്കെ വായനശാലയിലെ സ്ഥിരം സന്ദർശകർ മാത്രമായിരുന്നു പുസ്തകങ്ങൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പൊൾ ആവശ്യക്കാർ കൂടി. കുട്ടികളും മുതിർന്നവരും ഒരുപോലെ പുസ്തകങ്ങൾ ആവശ്യപ്പെട്ട് തങ്ങളെ വിളിക്കാറുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ലോക്ക് ഡൗണിന്റെ വിരസത ഒഴിവാക്കാനും ജനങ്ങളിൽ വായനാശീലം വർദ്ധിപ്പിക്കുവാനും ഈ പദ്ധതി കൊണ്ട് സാധിക്കുമെന്നും പ്രസിഡന്റ് ആർ. സോമൻ പറഞ്ഞു.