photo
കൊല്ലപ്പെട്ട കവിതയും അറസ്റ്റിലായ ദീപക്കും (ഫയൽ ചിത്രം)

കുണ്ടറ: ചെറുമൂട് ശ്രീശിവൻ മുക്കിന് സമീപം ഭാര്യയെ മക്കളുടെ മുന്നിലിട്ട് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ ബംഗാളിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുമൂട് ശ്രീശിവൻ മുക്കിന് സമീപം കവിതാഭവനത്തിൽ കവിതയെ (28) കൊലപ്പെടുത്തിയ കേസിൽ പശ്ചിമബംഗാൾ സ്വദേശി ദീപക്കാണ് (32) അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി 9.30 ഓടെ കവിതയുടെ വീടിന് പിന്നിൽ വച്ചായിരുന്നു സംഭവം. അടുക്കളയിൽ വച്ച് കവിതയെ പ്രതി മർദ്ദിച്ചു. മർദ്ദനം സഹിക്കവയ്യാതെ പുറത്തേക്ക് ഓടിയപ്പോൾ വളർത്തുനായയുടെ തുടലിൽ കുരുങ്ങി വീണു. പിന്നാലെയെത്തിയ ദീപക് കോടാലിക്ക് തലയ്ക്ക് പിന്നിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ദീപകിനെ രാത്രി വൈകി കുണ്ടറ ഇൻസ്‌പെക്ടർ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പിടികൂടിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകിട്ട് ആറോടെ ചെറുമൂട്ടിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

15 വർഷം മുമ്പ് നാല് ബംഗാളികൾക്കൊപ്പം കേരളത്തിലെത്തിയ ദീപക് കശുഅണ്ടി ഫാക്ടറിയിൽ ഒപ്പം ജോലിചെയ്തിരുന്ന കവിതയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം കവിതയുടെ വീട്ടിലായിരുന്നു താമസിച്ചുവന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.