ഇടത്തരം വള്ളങ്ങൾക്ക് അനുമതി നൽകണം
കൊല്ലം: ലോക്ക് ഡൗണിന്റെ ആദ്യഘട്ടം അവസാനിച്ചിട്ടും സംസ്ഥാന സർക്കാർ ഹാർബറുകളിൽ ലേലത്തിന് അനുമതി നൽകാത്തതിനാൽ മത്സ്യത്തൊഴിലാളികളുടെ കരയിലെ കാത്തിരിപ്പ് നീളും. കൂടുതൽ തൊഴിലാളികളുമായി വലിയ ബോട്ടുകൾ കടലിലേക്ക് പോകുന്നതും ഹാർബറുകളിൽ നൂറ് കണക്കിനുപേർ തടിച്ചുകൂടിയുള്ള ലേലവും തത്കാലം അനുവദിക്കാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
കൊല്ലം തീരത്തെ അഞ്ച് മത്സ്യഗ്രാമങ്ങളിൽ നിന്നായി വള്ളങ്ങളിൽ കടലിൽ പോകുന്നുണ്ടെങ്കിലും ജില്ലയിൽ മത്സ്യക്ഷാമം രൂക്ഷമാണ്. ശക്തികുളങ്ങര, നീണ്ടകര എന്നീ ഹാർബറുകളിൽ നിന്ന് വലിയ ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോയിരുന്നവർ പട്ടിണിയുടെ വക്കിലാണ്. ഇപ്പോൾ വള്ളങ്ങളിൽ ഏകദേശം 1500ൽ താഴെ തൊഴിലാളികൾ മാത്രമാണ് കടലിൽ പോകുന്നത്. ഇതിന്റെ പത്തിരട്ടിയോളം തൊഴിലാളികളാണ് ബോട്ടുകളിൽ പണിയെടുക്കുന്നത്. ഇതിൽ ചെറിയൊരു വിഭാഗം ബംഗാളികളും തമിഴ്നാട് സ്വദേശികളുമാണ്. വാടകയ്ക്ക് തീരത്ത് താമസിക്കുന്ന ഇവർ നാട്ടിലേക്ക് പോകാനാകാതെ ഇവിടെ കുടുങ്ങിയിരിക്കുകയാണ്.
ഹാർബറുകൾ അടഞ്ഞതോടെ ജില്ലയിൽ ഉണ്ടായ മത്സ്യക്ഷാമം മുതലെടുക്കാൻ തമിഴ്നാട് അടക്കമുള്ള അയൽസംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ഇവിടേക്ക് രാസപദാർത്ഥങ്ങൾ ചേർത്ത പഴകിയ മത്സ്യം വ്യാപകമായി എത്തിക്കുന്നുണ്ട്. പരിശോധനാ സംഘങ്ങളുടെ കണ്ണിൽപ്പെടാതെ ചന്തകളിൽ എത്തുന്ന ഇവ വ്യാപകമായി വിൽക്കപ്പെടുന്നുമുണ്ട്. അഞ്ച് മത്സ്യത്തൊഴിലാളികൾ മാത്രം പോകുന്ന ഔട്ട് ബോർഡ് എൻജിൻ വള്ളങ്ങൾക്ക് മാത്രമാണ് ഇപ്പോൾ കലിൽ പോകാൻ അനുമതിയുള്ളത്. 15 തൊഴിലാളികൾക്ക് പോകാവുന്ന നീണ്ടകരയിലെ ഇടത്തരം വള്ളങ്ങൾക്ക് അനുമതി നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
''
വലിയ ബോട്ടുകൾ തത്കാലം കടലിലേക്ക് അയയ്ക്കാനാവില്ല. ലോക്ക് ഡൗണിൽ സംസ്ഥാനത്ത് ഒരിളവും വരുത്തിയിട്ടില്ല. കൂടുതൽ സൂക്ഷ്മതയോടെ മുന്നോട്ട് പോകാനാണ് തീരുമാനം. മുഖ്യമന്ത്രി ഇന്ന് കാര്യങ്ങൾ വിശദീകരിക്കും.
ജെ.മേഴ്സിക്കുട്ടി അമ്മ, മന്ത്രി