elephant

പത്തനാപുരം: ചികിത്സ കിട്ടാതെ ചരിഞ്ഞ കാട്ടയുടെ മൃതദേഹം സംസ്‌കരിച്ചു. നാല് മണിക്കൂർ നീണ്ടു നിന്ന പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വൈകിട്ടോടെയാണ് സംസ്‌കാരം നടത്തിയത്. പന്നിപ്പടക്കം കടിച്ച് വായിൽ ഗുരുതരമായി മുറിവേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് വനംവകുപ്പ് കേസെടുക്കുകയും ചെയ്തു. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.

പത്തനാപുരം റേഞ്ചിൽ അമ്പനാർ ഫോറസ്റ്റ് പരിധിയിൽ ഓലപ്പാറ മാന്തടം ഭാഗത്തെ വനത്തിനുള്ളിൽ ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടാന ചരിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വായിൽ വ്രണവുമായി കാട്ടാനയെ അവശനിലയിൽ കറവൂർ കോട്ടക്കയം ഭാഗത്ത് വച്ച് നാട്ടുകാർ കണ്ടത്. വെള്ളിയാഴ്ച രാവിലെ വനംവകുപ്പ് അധികൃതരും ഡോക്ടർമാരും സ്ഥലത്ത് എത്തിയെങ്കിലും ചികിത്സ നൽകാനായില്ല. തുടർന്ന് ശനിയാഴ്ച ഡോക്ടർമാർ എത്തിയപ്പോഴേക്കും ആന ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സ തുടങ്ങും മുമ്പ് ചരിയുകയും ചെയ്തു.

ആനയെ കണ്ടെത്തിയ ദിവസം തന്നെ ചികിത്സ നൽകിയിരുന്നങ്കിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

വൈൽഡ് ലൈഫ് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഈശ്വരന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മോർട്ടം നടപടികൾ.