കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടനും സംവിധായകനുമായ രാഘവ ലോറൻസ് നൽകിയ മൂന്ന് കോടി രൂപ ധനസഹായം വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. അഭിനയിക്കുന്ന പുതിയ ചിത്രമായ ചന്ദ്രമുഖി 2ന് ലഭിച്ച അഡ്വാൻസ് തുക മുഴുവൻ നൽകുകയായിരുന്നു ലോറൻസ്. എന്നാൽ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് താൻ നൽകിയ തുക എത്രത്തോളം അപര്യാപ്തമാണെന്ന് പിന്നീട് മനസിലാക്കിയെന്നും അതിനാൽ കൂടുതൽ എന്തെങ്കിലും ചെയ്യണമെന്നാണ് കരുതുന്നതെന്നും ലോറൻസ് അറിയിച്ചിരിക്കുകയാണ്.തന്റെ ഓഡിറ്ററുമായി ആലോചിച്ച ശേഷം പുതിയ സഹായ പ്രഖ്യാപനം തമിഴ് പുതുവർഷ ദിനമായ 14ന് നടത്തുമെന്നാണ് ലോറൻസ് പറയുന്നത്.
ലോറൻസിന്റെ ട്വീറ്റ്
''സുഹൃത്തുക്കളെ, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയ്ക്ക് അഭിനന്ദനവുമായെത്തിയ എല്ലാവർക്കും നന്ദി. കീഴ്പ്പെടുത്തുന്നതായിരുന്നു ആ സ്‌നേഹം. എന്നാൽ ആ സംഭാവന
വാർത്തയായതിന് ശേഷം എന്നെത്തേടി ഒരുപാട് വിളികളെത്തി, കത്തുകളും. കൂടുതൽ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു അവ. ഹൃദയം തകർക്കാൻ ശേഷിയുള്ളവയായിരുന്നു അവ. എന്റെ മൂന്ന് കോടി സംഭാവന അപര്യാപ്തമാണെന്ന് മനസിലായി. കൂടുതൽ സഹായങ്ങൾ എന്നെക്കൊണ്ട് പറ്റില്ലെന്നാണ് സത്യസന്ധമായും അപ്പോൾ തോന്നിയത്.അതുകൊണ്ട് എന്നെ തേടിയെത്തുന്ന വിളികൾക്ക്, ഞാൻ തിരക്കിലാണെന്ന് മറുപടി കൊടുക്കാൻ അസിസ്റ്റന്റ്‌സിനോട് നിർദേശിച്ചു. പക്ഷേ റൂമിലെത്തി ഇതേക്കുറിച്ച് ആലോചിച്ചപ്പോൾ വളരെ മോശമാണ് ചെയ്തതെന്ന് തോന്നി. ആളുകൾ കരയുന്ന ചില വീഡിയോകളും അന്ന് കണ്ടിരുന്നു.രാത്രി ഉറങ്ങാൻ സാധിച്ചില്ല. ആഴത്തിൽ ചിന്തിച്ചു. ഈ ലോകത്തിലേക്ക് വന്നപ്പോൾ ഒന്നും കൂടെ
കൊണ്ടുവന്നില്ലല്ലോ എന്ന് തോന്നി. പോവുമ്പോഴും അങ്ങനെ തന്നെ അല്ലേ. ക്ഷേത്രങ്ങളെല്ലാം ഇപ്പോൾ
അടച്ചിരിക്കുകയാണ്. കഷ്ടപ്പെടുന്ന മനുഷ്യരുടെ വിശപ്പിലാണ് ദൈവം ഇപ്പോഴുള്ളതെന്നാണ് ഞാൻ
വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ച്, ദൈവത്തിന് കൊടുത്താൽ അത് പൊതുജനത്തിൽ എത്തില്ല.
പക്ഷേ, ജനത്തിന് നൽകിയാൽ അത് ദൈവസന്നിധിയിൽ എത്തും. കാരണം എല്ലാവരിലും ദൈവമുണ്ട്.
ദൈവം എന്നെ വീട്ടിലിരിക്കാൻ അനുവദിച്ചിരിക്കുകയാണ്, പക്ഷേ ഇത് യഥാർത്ഥത്തിൽ ചില കടമകൾ
നിറവേറ്റാനുള്ള സമയമാണ്. അതിനാൽ എന്നാൽ കഴിയാവുന്നതെല്ലാം പൊതുജനത്തിനും സർക്കാരിനുമായി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു''.