കൊല്ലം: ജില്ലയിലെ സാമൂഹിക അടുക്കളകളിലൂടെ ഇതുവരെ ആവശ്യക്കാരിലേക്ക് എത്തിച്ചത് 2,98,102 സൗജന്യ ഭക്ഷണപ്പൊതികൾ. 2,56,303 പേർക്ക് ഉച്ചഭക്ഷണവും 25,079 പേർക്ക് പ്രഭാത ഭക്ഷണവും 16,720 പേർക്ക് രാത്രി ഭക്ഷണവും നൽകാനായി. ഇന്നലെ 94 സാമൂഹിക അടുക്കളകളാണ് ജില്ലയിൽ പ്രവർത്തിച്ചത്.

20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്ന 37 ജനകീയ ഹോട്ടലുകൾ ഇതുവരെ ജില്ലയിൽ പ്രവർത്തന സജ്ജമായി. ജനകീയ ഹോട്ടലുകളിൽ നിന്ന് ഇതുവരെ 20 രൂപ നിരക്കിൽ 29,445 ഉച്ചഭക്ഷണം വിതരണം ചെയ്‌തു. 1623 പ്രഭാത ഭക്ഷണവും 472 രാത്രിഭക്ഷണവും പ്രാദേശിക നിരക്ക് അനുസരിച്ച് വിപണനം നടത്തി.

സാമൂഹിക അടുക്കളകൾ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. അതേ സമയം ജനകീയ ഹോട്ടലുകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിനായി പ്രത്യേക സബ്സിഡിയും സാമ്പത്തിക സഹായങ്ങളും സർക്കാർ നൽകുന്നുണ്ട്.