കൊല്ലം: ജില്ലയ്ക്ക് ആശ്വാസം പകർന്ന് കൊവിഡ് പൊസിറ്റീവ് ഇല്ലാതെ തുടർച്ചയായ മൂന്ന് ദിനങ്ങൾ പിന്നിട്ടു. നിലവിൽ കൊവിഡ് ബാധിതരായി ആശുപത്രിയിൽ കിടക്കുന്നവരിൽ പലരും രണ്ട് ദിവത്തിനിടയിൽ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങാനും സാദ്ധ്യതയുണ്ട്. നിലവിൽ ഏഴുപേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ നാലുപേർ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിവരാണ്. ഒരാൾക്ക് രോഗബാധിതനായ പിതാവിൽ നിന്നാണ് രോഗം പകർന്നത്. തബ്‌ ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത പുനലൂർ സ്വദേശികളായ ദമ്പതികൾ, ഇട്ടിവ സ്വദേശിയായ യുവാവ്, നിലമേൽ സ്വദേശിയായ മദ്ധ്യവയസ്കൻ, 21 കാരനായ അദ്ദേഹത്തിന്റെ മകൻ, ഖത്തറിൽ നിന്ന് മടങ്ങിയെത്തിയ ഇട്ടിവ സ്വദേശിനിയായ യുവതി, പ്രാക്കുളം സ്വദേശിയായ വീട്ടമ്മ എന്നിവരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.