കൊല്ലം: മണ്ണിൽ ചവുട്ടിനിന്ന് ജീവിതത്തിന്റെ പച്ചപ്പ് കണ്ടെത്തിയ ജില്ലയിലെ ആയിരക്കണക്കിന് കർഷകരെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുകയാണ് ലോക്ക് ഡൗൺ കാലം. കർഷക തൊഴിലാളികൾ കൂടിയാണ് നമ്മുടെ കർഷകർ. ഹെക്ടർ കണക്കിന് സ്ഥലത്ത് തൊഴിലാളികളെ മാത്രം ഉപയോഗിച്ച് കൃഷിയിറക്കുന്ന വൻകിട കർഷകർ ജില്ലയിൽ പൊതുവെ കുറവാണ്. കിഴക്കൻ മലയോര മേഖലയിലെ റബർ, പൈനാപ്പിൾ കർഷകരെ ഒഴിച്ചുനിറുത്തിയാൽ മറ്റുള്ളവരെല്ലാം പാടത്തും പറമ്പിലും വാഴയും ചീനിയും പച്ചക്കറികളും ഉൽപ്പാദിപ്പിക്കുന്ന സാധാരണ കർഷകരാണ്. സ്വന്തം പാടത്ത് പണിയെടുക്കുന്ന കർഷക തൊഴിലാളികൾ കൂടിയായ കർഷകർക്ക് ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്തതായിരുന്നു പ്രതിസന്ധി. ചെറുതല്ലാത്ത നഷ്ടവും ആ സമയത്ത് നേരിട്ടു. എന്നാൽ പിന്നീട് സർക്കാർ സംവിധാനങ്ങൾക്കൊപ്പം തനത് വിപണന മാർഗങ്ങൾ കൂടി കണ്ടെത്തി കർഷകർ പ്രതിസന്ധിയെ മറികടക്കുകയാണ്.

ഓണവിപണിയെ മുന്നിൽ കണ്ട് ഡിസംബർ മാസത്തിൽ തുടങ്ങിയ ഏത്തവാഴ കൃഷിക്ക് വളമിടേണ്ടതും അനുബന്ധ ജോലികൾ ചെയ്യേണ്ടതും ഈ സമയത്താണ്. സ്വകാര്യ വളക്കടകളിൽ കർഷകരുടെ ആവശ്യത്തിനുള്ള വളങ്ങൾ ഉണ്ടെങ്കിലും വില പലപ്പോഴും താങ്ങാനാകില്ല. ലോക്ക് ഡൗൺ കഴിയാതെ വളമിടലും അനുബന്ധ ജോലികളും പൂർണ തോതിൽ എത്തില്ലെന്നതാണ് അവസ്ഥ. സർക്കാർ വളക്കടകളിൽ സ്റ്റോക്കില്ല സർക്കാർ - സഹകരണ മേഖലകളിലെ വളക്കടകളിൽ പലതിലും കർഷകർക്ക് ആവശ്യമായ പൊട്ടാഷ്, യൂറിയ, സ്റ്റെറാമീൽ തുടങ്ങിയ വളങ്ങൾ യഥേഷ്ടം സ്റ്റോക്കില്ല. ലോക്ക് ഡൗണിൽ വരവ് നിലച്ചതാണ് കർഷകർക്ക് ആശ്വാസ വിലയിൽ വളങ്ങൾ ലഭിക്കുന്ന സ്ഥലങ്ങളിൽ സ്റ്റോക്ക് കുറയാൻ കാരണം. ലോക്ക് ഡൗൺ പ്രതിസന്ധികൾ തുടർന്നാൽ ഇത് ഓണവിപണിയെ ബാധിക്കാൻ സാദ്ധ്യതയേറെയാണ്. വളങ്ങൾ വാങ്ങിയാലും വാഹനങ്ങൾ ഇല്ലാത്തതിനാൽ കൃഷിയിടത്തിൽ എത്തിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. ചാണകപ്പൊടി, ചാണകം തുടങ്ങിയവ എത്തിക്കണമെങ്കിൽ വലിയ ലോറികൾ വേണം.