കൊല്ലം: നിരീക്ഷണ കാലാവധി ലംഘിച്ച് കറങ്ങിനടന്ന യുവതിക്കെതിരെ കേസെടുത്തു. ഖത്തറിൽ നിന്നെത്തിയ കുരീപ്പുഴ പണ്ടാരവിള സ്വദേശിനിയായ 42 കാരിക്കെതിരെയാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. മാർച്ച്‌ 20 നാണ് ഇവർ നാട്ടിലെത്തിയത്. തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു.

പലതവണ നിർദ്ദേശങ്ങൾ അവഗണിക്കുകയും ആരോഗ്യ പ്രവർത്തകരോട് സഹകരിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് കേസെടുത്തത്. ഇവരെ നഗരത്തിൽ സുദർശൻ ഹോട്ടലിൽ പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നിരീക്ഷണ കാലാവധി അവസാനിക്കാൻ അഞ്ചുദിവസം മാത്രം ബാക്കിനിൽക്കെയാണ് കേസെടുക്കേണ്ടി വന്നതെന്നും ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശം അനുസരിക്കാത്തവർക്കെതിരെ കർശനനിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.