jaipur

ലോക്ക് ഡൗൺ ലംഘിക്കുന്നവർക്ക് പലതരം ശിക്ഷയാണ് പൊലീസ് നൽകുന്നത്. ചില ഗൗരവമേറിയ ശിക്ഷകൾക്കിടയിൽ രസകരമായ ശിക്ഷാരീതികളും കണ്ടുവരുന്നുണ്ട്. ഇപ്പോഴിതാ വേറിട്ട ഒരു ശിക്ഷാരീതിയാണ് ജയ്‌‌പൂർ പൊലീസ് നടപ്പിലാക്കുന്നത്. ലോക്ക് ഡൗൺ ലംഘിക്കുന്നവർക്ക് 'മസക്കലി' എന്ന പുതിയഗാനം പിടിച്ചിരുത്തി കേൾപ്പിക്കും. അഭിഷേക് ബച്ചനും സോനം കപൂറും പ്രധാന വേഷത്തിലെത്തിയ 2009ൽ പുറത്തിറങ്ങിയ ദില്ലി 6 എന്ന ബോളിവുഡ് സിനിമയ്ക്ക് വേണ്ടി എ.ആർ റഹ്മാൻ സംഗീതം നൽകിയ മസക്കലി എന്ന ഗാനത്തിന്റെ റീമിക്സ് ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

റഹ്മാന്റെ സംഗീതത്തെ റീമിക്സ് ചെയ്ത് നശിപ്പിച്ചുവെന്ന് ആരോപിച്ച്‌ ആരാധകരും റഹ്മാൻ തന്നെയും രംഗത്തെത്തിയിരുന്നു. ലോക്ക് ഡൗണിൽ പുറത്ത് കറങ്ങി നടക്കുന്നവർക്കെതിരെ ട്വിറ്ററിലൂടെയാണ് ജയ്‌‌പൂർ പൊലീസിന്റെ വിചിത്ര മുന്നറിയിപ്പ്. "നിങ്ങൾ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാൽ പിടിച്ച്‌ ഒരു മുറിയിലിരുത്തി മസക്കലി 2.0 വീണ്ടും കേൾപ്പിച്ചുകൊണ്ടിരിക്കും." - ട്വീറ്റിൽ പറയുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടിനുള്ളിൽ തന്നെ ഇരിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. എന്നാൽ പലരും പൊലീസിന്റെ കണ്ണ് വെട്ടിച്ച്‌ നിരത്തിലൂടെ കറങ്ങി നടക്കുകയും ചെയ്യുന്നുണ്ട്.