കാഴ്ച കാണാൻ കുടുംബ സമേതം
ഇന്ന് മുതൽ പരിശോധന കർശനമാക്കും
പിടിച്ചാൽ രണ്ടുവർഷം തടവും 10,000 രൂപ പിഴയും
കൊല്ലം: കൊവിഡ് കാലത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ് ഇന്നലെ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി. ഗ്രാമ, നഗര ഭേദമില്ലാതെ ആഡംബര കാറുകളും ആട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും നിരത്ത് കീഴടക്കി. തിരക്ക് എല്ലാ പരിധികളും ലംഘിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഉന്നതർ ഉച്ചയോടെ ഇടപെട്ട് പരിശോധനകൾ കർശനമാക്കാനും വാഹനങ്ങൾ പിടിച്ചെടുത്ത് മാറ്റിവയ്ക്കാനും നിർദ്ദേശം നൽകി. ഇതോടെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി.
കൊല്ലം നഗരഹൃദയമായ ചിന്നക്കട ഉൾപ്പെടെ തിരക്കിലമർന്നു. ബാങ്കുകളിൽ ക്ഷേമ പെൻഷൻ വാങ്ങാനെത്തിയവരുടെ തിരക്ക് റോഡുകളിലേക്ക് നീണ്ടതോടെ ടോക്കൺ നൽകി പലരെയും മടക്കി വിടുകയായിരുന്നു. വിഷു ഒരുക്കാൻ സാധനങ്ങൾ തേടി സൂപ്പർ മാർക്കറ്റുകളിലേക്ക് ജനം ഇടിച്ചു കയറി. മിക്ക സൂപ്പർ മാർക്കറ്റുകളിലും പൂര തിരക്കായതോടെ കൊവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശമെല്ലാം പാഴ്‌വാക്കുകളായി. പായസ കിറ്റ് വാങ്ങാൻ ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറുമായി നിരത്തിലിറങ്ങിയവരും ധാരാളമാണ്. ഇത്രയും ദിവസം വീട്ടിലിരുന്നതിന്റെ ആലസ്യം മാറ്റാൻ കുടുംബ സമേതം കാഴ്ച കാണാനിറങ്ങിയവരും നിരവധിയായിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ ഭരണിക്കാവ്, ചവറ, ചാത്തന്നൂർ, കൊട്ടിയം, കൊട്ടാരക്കര, പുനലൂർ, പുത്തൂർ തുടങ്ങി ജില്ലയിലെങ്ങും ഒരേ പോലെ തിരക്കിലമർന്നു.
പൊലീസിനെ വകവയ്ക്കാതെ നിയമലംഘകർ
രാവിലെ അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നവരെ പൊതുവെ പൊലീസ് തടഞ്ഞുനിറുത്തി സത്യവാങ്മൂലം ചോദിക്കാറില്ല. സാധാരണക്കാരോട് കാണിക്കുന്ന മാനുഷിക പരിഗണന ഇന്നലെ രാവിലെയും പൊലീസ് കാണിച്ചു. എന്നാൽ ഒമ്പതോടെ നിരത്തിലെ തിരക്ക് ക്രമാതീതമായി ഉയർന്നു. ഓരോ പോയിന്റിലും ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിൽ വാഹനങ്ങൾ നിരത്തിലൂടെ ഓടാൻ തുടങ്ങി. ഒരു കാർ തടഞ്ഞ് നിറുത്തുമ്പോൾ വശങ്ങളിലൂടെ നാല് കാറുകൾ അതിവേഗത്തിൽ പോകുന്ന അവസ്ഥ. ഹോൺ മുഴക്കിയും പൊലീസ് ഉദ്യോഗസ്ഥരോട് കയർത്തും സ്ത്രീകളടക്കം നിയമം ലംഘിക്കുന്നതിന് മുന്നിൽ നിന്നു.
ഇന്ന് മുതൽ പരിശോധന കടുപ്പിക്കും
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കാനുള്ള പ്രവണത വർദ്ധിച്ചതോടെ ഇന്ന് മുതൽ നിരത്തിൽ പൊലീസ് പരിശോധന കർശനമാക്കാനാണ് തീരുമാനം. നിയന്ത്രണങ്ങൾ അവഗണിച്ചതിന് അറസ്റ്റിലായാൽ പകർച്ച വ്യാധി ഓർഡിനൻസിന്റെ പരിധിയിൽ പെടുത്തി കേസെടുക്കും. രണ്ട് വർഷം തടവോ പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.