ദുരിത കാലത്ത് ആഘോഷങ്ങളില്ലാതെ വിഷു
കൊല്ലം: ഗ്രാമത്തിന്റെ വിശുദ്ധിയും മണവും മമതയും ആവോളം നൽകി കണിക്കൊന്നകൾ പൂത്തുലഞ്ഞെങ്കിലും സാധാരണക്കാരന് സമൃദ്ധിയുടെ കണിയൊരുങ്ങിയില്ല. കൊവിഡ് കാലത്തെ ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ സാധാരണക്കാരന്റെ ജീവിത താളം തെറ്റിയിരുന്നു. നിർമ്മാണ തൊഴിലാളികൾ, കശുഅണ്ടി തൊഴിലാളികൾ, ചായക്കടകളിലെ ജോലിക്കാരും വീട്ടുജോലിക്കാരും ഉൾപ്പെടുന്ന അസംഘിത മേഖലയിൽ പണിയെടുക്കുന്ന പതിനായിരങ്ങൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി മഹാഭൂരിപക്ഷവും അതിജീവിക്കാനാകാത്ത ദുരിത കയത്തിലാണ്.
സാമ്പത്തിക സ്ഥിരതയുള്ളവർക്കും മാസവരുമാനം കൃത്യമായി ലഭിച്ചവർക്കും മാത്രമാണ് ലോക്ക് ഡൗൺ ദുരിതത്തെ മറികടക്കാനായത്. സമൃദ്ധിയുടെ വിഷുക്കാലം മറ്റുള്ളവർക്കെല്ലാം പഞ്ഞ കാലമായി മാറി. സർക്കാർ നൽകിയ സൗജന്യ റേഷനാണ് പല കുടുംബങ്ങളിലെയും പട്ടിണി അകറ്റുന്നത്. പലവൃഞ്ജന കിറ്റ് എല്ലാവരിലേക്കും എത്തിയിട്ടില്ലെങ്കിലും വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. ഓട്ടുരുളിയിൽ കൊന്നപൂവും കാർഷിക ഉൽപ്പന്നങ്ങളും കണികണ്ടുണരുന്ന പതിവ് ഇത്തവണ എല്ലാ വീടുകളിലും ഉണ്ടാകുമെന്നറുപ്പില്ല.
കണിക്കൊന്നയെ കണി കാണാതെ വിഷുവിലേക്ക് കണ്ണ് തുറക്കാൻ മലയാളിക്ക് കഴിഞ്ഞേക്കില്ല. പ്രിയപ്പെട്ടവർക്ക് മരുന്ന് വാങ്ങാൻ പണമില്ലാതായ, നല്ല ഭക്ഷണം വാങ്ങി മക്കൾക്ക് കൊടുക്കാൻ കഴിയാതെ പോകുന്ന, സർക്കാർ സഹായങ്ങളിലൂടെ മാത്രം ദുരിത കാലത്തെ മറികടക്കാൻ ശ്രമിക്കുന്ന എണ്ണമറ്റ വീടുകളിലും ഇന്ന് പ്രതീക്ഷയുടെ കണിയൊരുങ്ങും. ഈ ദുരിത കാലങ്ങളെയെല്ലാം മറികടന്ന് അടുത്ത വിഷുവിന് സമൃദ്ധിയെ വരവേറ്റ് പ്രിയപ്പെട്ടവരിലേക്ക് എത്തിക്കുമെന്ന ഉറപ്പോടെ അവർ പരസ്പരം ആശംസകൾ കൈമാറും.
ചിരിതൂകി കണിക്കൊന്ന പൂക്കൾ
മാസങ്ങൾക്ക് മുമ്പേ കണിക്കൊന്നകൾ പൂത്തുലഞ്ഞ് കാഴ്‌ചയുടെ സൗന്ദര്യമായി മാറിയിരുന്നു. കൊവിഡ് ആശങ്ക വരുന്നതിന് മുമ്പേ കണിക്കൊന്നകൾ വിഷുവിന്റെ സമൃദ്ധി കാലത്തെ അടയാളപ്പെടുത്താൻ തുടങ്ങി. പക്ഷേ അതിവേഗമാണ് നാടിന്റെ കാർഷികോത്സവത്തെ ഒന്നാകെ സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് എടുത്ത് മാറ്റി കൊവിഡ് വ്യാപന ഭീതി തുടങ്ങിയത്. പക്ഷേ കണിക്കൊന്നകൾ വാടുന്നില്ല, സമൃദ്ധിയുടെ നല്ല കാലത്തിന്റെ ഓർമ്മയായി അത് സാധാരണ ജീവിതങ്ങളിലേക്ക് ഇടതൂർന്ന് പൂക്കുന്നു.