photo
ഉഷ മക്കൾ ഹരിലാലിലും ശ്രീജയ്ക്കുമൊപ്പം

കൊല്ലം: ലോക് ഡൗൺ കാലത്ത് പട്ടിണിയും രോഗദുരിതവുമായി ദിനങ്ങളെണ്ണുകയാണ് മൂന്നംഗ കുടുംബം. കൊട്ടാരക്കര തേവലപ്പുറം പാറയിൽ ജംഗ്ഷനിലെ ഹരി ഭവനത്തിൽ (രണ്ടുതെങ്ങിൽ) ഉഷയാണ് രണ്ട് മക്കളോടൊന്നിച്ച് ദുരിതക്കുടിലിൽ വീർപ്പുമുട്ടുന്നത്. ഉഷയുടെ ഭർത്താവ് സതിരാജൻ പാട്ടഭൂമിയിൽ കൃഷി ചെയ്താണ് കുടുംബം പോറ്റിവന്നത്. ഉഷ ക്ഷേത്രങ്ങളിൽ ഭാഗവത പാരായണത്തിന് പോകാറുണ്ട്. വാതരോഗമുള്ളതിനാൽ നടന്നുപോകാൻ കഴിയില്ല. മൂത്ത മകൻ ഹരിലാലിന് (37) ഗോവയിൽ ജോലി ചെയ്യുമ്പോഴാണ് രോഗം ബാധിച്ചത്.

ശരീരത്തിലെ ചില ഞരമ്പുകളിൽ രക്തത്തിന്റെ ഓട്ടം നിലച്ചു. ചികിത്സകൾ ഒരുപാട് ചെയ്തതിന്റെ ഫലമായി നടക്കാനുള്ള ശേഷി ലഭിച്ചപ്പോൾ ലോട്ടറി വിൽപ്പനയ്ക്ക് ഹരിലാലും ഇറങ്ങി. എന്നാൽ മരുന്ന് മുടങ്ങിയതോടെ ശരീരത്തിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ നടക്കാൻ പോലുമാകാതെ വിഷമിക്കുകയാണ്. അനിയത്തി ശ്രീജയ്ക്ക് (32) വർഷങ്ങളായി സന്ധിവാതമാണ്. ഇപ്പോൾ രണ്ട് കാലുകളുടെയും അടിഭാഗത്തെ സ്പർശനം അറിയാൻപോലും ആകില്ല. കറുത്ത് കരുവാളിച്ച് നടക്കാൻ ബുദ്ധിമുട്ടുമായി. ഭാര്യയുടെയും രണ്ട് മക്കളുടെയും രോഗങ്ങൾക്ക് ചികിത്സ നടത്താൻ സതിരാജിന് ശേഷിയുണ്ടായിരുന്നുമില്ല. കുടുംബത്തിന്റെ പേരിലുള്ള വസ്തുവിൽ പേരിനൊരു വീടുവച്ചാണ് താമസിച്ചുവന്നത്. ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി ഇപ്പോഴും കോടതിക്കേസ് നടക്കുകയാണ്. പാതിപണിത വീടിനുള്ളിൽ നിന്ന് തിരിയാനിടമില്ല. ഇത്രയും സങ്കടങ്ങൾ ഒന്നിച്ച് ഒരു കൂരയ്ക്ക് കീഴിൽ തങ്ങിനിൽക്കുമ്പോഴാണ് സതിരാജനെ അപ്രതീക്ഷിതമായി മരണം കൂട്ടിയത്. ഫെബ്രുവരി 28ന് രാത്രിയിൽ വീടിന് സമീപം ബൈക്ക് ഇടിച്ച് പരിക്കേറ്റാണ് സതിരാജൻ മരിച്ചത്. കുടുംബത്തിന്റെ അത്താണി മരിച്ചതോടെ മൂന്നുനേരം അന്നമുണ്ണാൻപോലും വകയില്ലാത്ത അവസ്ഥയിലായി കുടുംബം. മരുന്നില്ലാത്തതിനാൽ വേദന തിന്നാണ് ഇവർ കഴിയുന്നത്. സുമനസുകളുടെ സഹായമുണ്ടായാൽ മൂന്ന് ജീവനുകൾക്ക് പിടിച്ച് നിൽക്കാൻ കഴിയും. ഇതിനായി എസ്.ഹരിലാലിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുത്തൂർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 67041976781. ഐ.എഫ്.എസ്.സി കോഡ് : എസ്.ബി.ഐ.എൻ 0070293.