കൊല്ലം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സപ്ലൈകോയുടെ സൗജന്യ കിറ്റ് മുൻഗണനാ വിഭാഗത്തിന് അടുത്തയാഴ്ച ലഭിച്ചേക്കും. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് കിറ്റ് തയ്യാറാക്കൽ ആരംഭിച്ചു.
ജില്ലയിലെ എല്ലാ ഡിപ്പോകളിലും ചെറുപയർ, തുവര, ആട്ട, ഉഴുന്ന് തുടങ്ങിയ ഇനങ്ങൾക്ക് വലിയ ക്ഷാമമാണ്. അതുകൊണ്ട് ഈ ഇനങ്ങൾ ഒഴിച്ചുള്ളവയുടെ പായ്ക്കിംഗാണ് നടക്കുന്നത്. സപ്ലൈകൈ ഹെഡ് ഓഫീസ് ഓഡർ നൽകിയ ഇനങ്ങൾ വൈകാതെ ഔട്ട്ലെറ്റുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. 2,86,964 മുൻഗണനാ കാർഡുകളാണ് ജില്ലയിലുള്ളത്. ഇവർക്കുള്ള കിറ്റ് വിതരണം ചെയ്ത ശേഷമാകും മുൻഗണനേതര വിഭാഗത്തിനും മുൻഗണനേതര സബ്സിഡി വിഭാഗത്തിനുള്ള കിറ്റുകൾ തയ്യാറാക്കുക. നിലവിൽ എ.എ.വൈ വിഭാഗത്തിനുള്ള കിറ്റിന്റെ വിതരണം റേഷൻ കടകൾ വഴി പുരോഗമിക്കുകയാണ്.
ഔട്ട് ലെറ്രുകളിലെ അലമാരകൾ കാലി
കിറ്റിൽ ഉൾപ്പെട്ട ഇനങ്ങളുടെയെല്ലാം സ്റ്റോക്ക് ഗോഡൗണുകളിലേക്ക് മാറ്റിയതോടെ സപ്ലൈകോ ഔട്ട്ലെറ്റുകളിലെ അലമാരകളെല്ലാം കാലിയായിരിക്കുകയാണ്. നാമമാത്രമായ കച്ചവടമാണ് സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളിൽ അടക്കം നടക്കുന്നത്. കിറ്റ് വിതരണം നീണ്ടാൽ ഈമാസവും സപ്ലൈകോയിൽ നിന്ന് സബ്സിഡി നിരക്കിൽ പോയിട്ട് സബ്സിഡി ഇതര വിലയ്ക്ക് പോലും പ്രധാനപ്പെട്ട ഭക്ഷ്യവസ്തുക്കൾ ലഭിക്കില്ല.