swimming

കൊവിഡ് കാലത്ത് ലോക്ക് ഡൗണിലായതോടെ മനുഷ്യരെല്ലാം വീടിനുള്ളിൽ ഇരിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. അപ്പോഴാണ് ആ തക്കംപാർത്ത് ഭൂമിയുടെ അവകാശികളായ മറ്റ്

ചിലർ രംഗത്തെത്തുന്നത്. റോഡിലിറങ്ങി നടന്ന സീബ്രയേയും മയിലുകളെയുമൊക്കെ നമ്മൾ കണ്ടതാണ്. ആളില്ലാത്ത നിരത്തിലൂടെ നടക്കാൻ അവർക്ക് ഒരു കൂസലുമില്ല. ഇപ്പോഴിതാ മുംബയിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയിലെ സ്വിമ്മിംഗ്പൂൾ കുരങ്ങന്മാർ കയ്യേറിയിരിക്കുകയാണ്. ഈ രംഗങ്ങളടങ്ങിയ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായി.

ആളുകൾ വീടിന് പുറത്തിറങ്ങാത്തതിനാൽ വെള്ളക്കെട്ടിൽ കിടക്കുന്ന കുരങ്ങന്മാരെ വിലക്കാൻ ആരുമില്ല. മുംബയിലെ ബോറിവില്ലയിൽ നിന്നുള്ള ഈ രംഗങ്ങൾ നടി ടിസ്‌ക ചോപ്രയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വർഷങ്ങളായി ഇവർ കാത്തിരുന്ന അവസരമാണെന്നും നടി കുറിച്ചു. നിരവധി പേരാണ് തങ്ങളുടെ വീട്ടിൽ നിന്ന് ഇത് ആസ്വദിച്ചുകൊണ്ടിരുന്നത്. നടി രവീണ ടാണ്ടനും ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. കുരങ്ങന്മാരുടെ കുറുമ്പ് എന്നാണ് രവീണ വീഡിയോക്കൊപ്പം കുറിച്ചത്. 65000 ലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ രസകരമായ കമന്റുകൾ നൽകിയിട്ടുണ്ട്. കുളം വറ്റിക്കുന്നതിനെ കുറിച്ചാണ് ഫ്‌ളാറ്റിലെ താമസക്കാരുടെ ആലോചന എന്നാണ് വീഡിയോ ഷെയർ ചെയ്ത പ്രീതി മണിയർ കുറിച്ചത്.