കൊല്ല: തമിഴ്നാട്ടിലെ മലയാളിക്ക് മരുന്നെത്തിച്ച് മോട്ടോർ വാഹന വകുപ്പ്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് സ്ഥിരതാമസമാക്കിയ കടപ്പാക്കട സ്വദേശി ഷൈലയ്ക്കാണ് മരുന്ന് എത്തിച്ചത്. ഷൈലക്ക് തൈറോയ്ഡ് ഓപ്പറേഷൻ നടന്നിരുന്നു. ഇതിന്റെ തുടർ മരുന്നുകൾ കഴിച്ച് വരുകയായിരുന്നു. തമിഴ്നാട്ടിൽ വീടിനടുത്തുള്ള പല മെഡിക്കൽ സ്റ്റോറുകളിൽ കയറിയിട്ടും മരുന്ന് കിട്ടിയില്ല. ഷൈലയുടെ അച്ഛൻ മണി ഇക്കാര്യം അയൽവാസി കൂടിയായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂരജിനെ അറിയിച്ചു. അങ്ങനെ കടപ്പാക്കട സ്പോർട്സ് ക്ലബിന്റെയും ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡൻറ് ഷൈൻ ദേവിന്റെയും നേതൃത്വത്തിൽ മരുന്ന് സംഘടിപ്പിച്ചു. കാര്യം പറഞ്ഞപ്പോൾ തന്നെ കളക്ടർ അനുമതി നൽകി. ആർ.ടി.ഒയും പൂർണ പിന്തുണ നൽകി. മോട്ടോർ വാഹന ഇൻസ്പെക്ടർമാരായ ബിനു ജോർജ്, സുമോദ് സഹദേവൻ, ഡ്രൈവർ ഡാനി എന്നിവർ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നിന്ന് മരുന്ന് ഏറ്റുവാങ്ങി തമിഴ്നാട്ടിലെ ഷൈലയുടെ വീട്ടിലേക്ക് പുറപ്പെട്ടു.