കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അമൃതാനന്ദമയി മഠം 10 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 3 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകും. 2005 മുതൽ ദുരിതാശ്വാസത്തിനായി 500 കോടിയിലധികം രൂപയാണ് മഠം ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. സാമ്പത്തിക സഹായം, ഗാർഹിക വസ്തുക്കളുടെ വിതരണം, വൈദ്യസഹായം, ഭവന പുനർനിർമാണം തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടും. നിലവിൽ അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ ആരോഗ്യമേഖലയ്ക്കായി കുറഞ്ഞചെലവിലുള്ള മുഖാവരണങ്ങൾ, ഗൗണുകൾ, വെന്റിലേറ്ററുകൾ, അതിവേഗം തയ്യാറാക്കാവുന്ന ഐസൊലേഷൻ വാർഡുകൾ, മെഡിക്കൽ മാലിന്യങ്ങളുടെ നിർമ്മാർജന സംവിധാനങ്ങൾ, ക്വാറന്റൈനിലുള്ള രോഗികളെ വിദൂരനിരീക്ഷണം ചെയ്യാനുള്ള സാങ്കേതികവിദ്യകൾ എന്നിവ ഒരുക്കാൻ വിവിധമേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരുടെ ഒരു സംഘം ഗവേഷണം നടത്തുന്നുണ്ട്.

അമൃതയിൽ സൗജന്യ ചികിത്സ

കൊവിഡ് രോഗികൾക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ (അമൃത ആശുപത്രി) സൗജന്യ ചികിത്സയും നൽകും. കൊവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മർദ്ദവും വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കാൻ അമൃത സർവകലാശാലയും അമൃത ആശുപത്രിയും ചേർന്ന് മാനസികാരോഗ്യ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു.ഫോ: 0476 2805050