mahesh
കമ്മ്യൂണിറ്റി കിച്ചണുകൾക്കുള്ള അരി സി.ആർ മഹേഷ് കരുനാഗപ്പളി തഹസിൽദാർ സാജിത ബീഗത്തിനു കൈമാറുന്നു.

ഓച്ചിറ: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ സാമൂഹിക അടുക്കളകളിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കണമെന്നുള്ള റേഡിയോ കൂട്ടായ്മ സ്നേഹസേനയുടെ അഭ്യർത്ഥനപ്രകാരം ഏഴ് ചാക്ക് അരി നൽകി സി.ആർ. മഹേഷ് മാതൃകയായി. ഓച്ചിറയിലെ സാമൂഹിക അടുക്കളയിൽ വച്ച് തഹസിൽദാർ സാജിത ബീഗത്തിന് ഭക്ഷ്യധാന്യങ്ങൾ കൈമാറി. നിയോജക മണ്ഡലത്തിലെ 7 സാമൂഹിക അടുക്കളകളിലേക്കാണ് അരി കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി സൈദാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ. കൃഷ്ണകുമാർ, അൻസാർ എ. മലബാർ, ബി.എസ്. വിനോദ്,​ എച്ച്.എസ്. ജയ് ഹരി, മൂലെത്തു റഹിം, സ്നേഹസേന അംഗങ്ങളായ രാധാകൃഷ്ണപിള്ള, ഉത്രാടം സുരേഷ്, സൂബി കൊതിയൻസ്, നവാസ് എന്നിവർ പങ്കെടുത്തു.

കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി സ്നേഹസേന കരുനാഗപ്പളി ജനമൈത്രി പൊലീസുമായി സഹകരിച്ച് വിവിധ പരിപാടികൾ നടത്തുന്നുണ്ട്.