vinayan

കൊല്ലം: ജനപ്രിയ സംവിധായകൻ വിനയന് ഇക്കുറി സഹപ്രവർത്തകർക്ക് വിഷുക്കൈനീട്ടം നൽകാനാകാത്തതിന്റെ വിഷമം. എങ്കിലും അദ്ദേഹം സന്തോഷവാനാണ്. ഹോർട്ടികോർപ് ചെയർമാനെന്ന നിലയിൽ കേരളീയർക്ക് കണികാണാനുള്ള കണിവെള്ളരിയെത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു ഇന്നലെയും. ഹോർട്ടികോർപിലെ എല്ലാ ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് കൊവിഡ് കാലത്തും കണിയൊരുക്കാനുള്ള ഓട്ടം. 80 ടൺ കണിവെള്ളരിയാണ് ഇന്നലെ സംഭരിച്ചത്. പിന്നെ 60 ടൺ മാമ്പഴവും പൈനാപ്പിൾ മുതൽ ആവശ്യമായതെല്ലാം വേറെയും എത്തിക്കാനായതിന്റെ സന്തോഷം. പത്തിരുപത് കൊല്ലമായുള്ള വിഷുവിന്റെ പതിവ് രീതികൾ തെറ്റിക്കേണ്ടി വരുന്നതിന്റെ വിഷമവും അദ്ദേഹം പങ്കുവച്ചു.

'സിനിമയിലെ സഹപ്രവർത്തകർ നൂറിലേറെപ്പേർ കൊച്ചിയിലെ വീട്ടിലെത്തുമായിരുന്നു. വെടി പറഞ്ഞും സദ്യകഴിച്ചുമൊക്കെ ഉത്സവ പ്രതീതിയിൽ അങ്ങനെ കൂടും. അവർക്ക് വിഷുക്കൈനീട്ടം നൽകുമ്പോൾ ഒരു പ്രത്യേക സംതൃപ്തിയുണ്ടാകും." ലോക്ക് ഡൗണിൽ പെട്ട് ഇന്ന് ആ പതിവ് മുടങ്ങുമെങ്കിലും കൊച്ചി പാലാരിവട്ടത്തെ വീട്ടിൽ ഭാര്യ നീനയും മകൻ വിഷ്ണുവും മരുമകൾ ഡോ. വിധുവും ഉണ്ട്. ആഘോഷമൊന്നുമില്ല, ചെറിയൊരു സദ്യവട്ടം. അത്രമാത്രം.
കൊവിഡ് കാലത്ത് തന്റെ പുതിയ സിനിമയ്ക്ക് തിരക്കഥ എഴുതി തീർത്ത വിശേഷവും വിനയൻ പങ്കുവച്ചു. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമായ 'പത്തൊൻപതാം നൂറ്റാണ്ടി" ന്റെ കഥയും തിരക്കഥയും സംവിധാനവും വിനയനാണ്. പൃഥ്വിരാജോ ഉണ്ണിമുകുന്ദനോ നായകനാകും. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയും വിനയൻ പങ്കുവച്ചു.