കൊല്ലം: കമ്പനികൾ പലതും അടച്ചുപൂട്ടലിന്റെ വക്കിലാവുകയും, നിർബന്ധിത അവധിയിൽ പോകാൻ തൊഴിലാളികളോട് ആവശ്യപ്പെടുകയും .ചെയ്തതോടെ,കുവൈറ്റിൽ ഇന്ത്യക്കാർ പരിഭ്രാന്തിയിലാണെന്ന് കേരളത്തിലെ അവരുടെ ബന്ധുക്കൾ പറയുന്നു.
ഇന്ത്യ ഒഴികെ മറ്റു രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുപോയിത്തുടങ്ങി. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന മഹ്ബൂലയും ജലീബും അടച്ചുപൂട്ടി. അവർ താമസിക്കുന്ന സ്ഥലങ്ങളിൽ ഭക്ഷണസാധനങ്ങൾ കിട്ടുന്നതും വല്ലപ്പോഴുമായി. രണ്ടര ലക്ഷം വിദേശികൾക്ക് തൊഴിലില്ലാതായി. സ്ഥിതി അതീവ ഗുരതരമാണെന്ന് 20 വർഷത്തിലേറെയായി ഇവിടെ ജോലി ചെയ്യുന്ന ശാസ്താംകോട്ട സ്വദേശി സുരേഷ് മാമ്പുഴ പറയുന്നു. ശമ്പളം പോലുമില്ലാതെ ഇന്ത്യക്കാർ വലയുകയാണ്. കുവൈറ്റിൽ തിങ്കളാഴ്ച വരെ രോഗം സ്ഥിരീകരിച്ച 1,234 പേരിൽ 670 ലേറെ പേർ ഇന്ത്യക്കാരാണ്. ദിവസവും അമ്പതിൽ കുറയാതെ ഇന്ത്യക്കാർ കൊവിഡ് ബാധിതരാകുന്നു.
തിരികെ വരാൻ താൽപ്പര്യപ്പെടുന്നവരെയും ജോലി നഷ്ടമായവരെയും കമ്പനി നിർബന്ധിതമായി അവധിയെടുത്ത് പോവാൻ പറഞ്ഞിട്ടുള്ളവരെയും വിസിറ്റിംഗ് വിസയിൽ വന്നിട്ടുള്ളവരെയും നാട്ടിലേക്ക് കൊണ്ടുപോവാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നാണ് അവിടെയുള്ളവരുടെ ആവശ്യം.പൊതുമാപ്പ് ലഭിച്ചവരും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ഇന്ത്യക്കാർക്കിടയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നത് സ്വദേശികളുടെ എതിർപ്പിനും കാരണമാകുന്നുണ്ട്. കുവൈറ്റിൽ താമസസ്ഥലങ്ങളിൽ എത്രനാൾ ക്വാറന്റൈനിൽ കഴിയുക വലിയ പ്രശ്‌നമാണ്. മലയാളികൾ ഉൾപ്പെടെ കൂട്ടമായാണ് കഴിയുന്നത്. രോഗം പടരാതിരിക്കാനും പ്രതിരോധത്തിനും കുവൈറ്റ് സർക്കാർ എല്ലാവിധ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ കുവൈറ്റ് സർക്കാരിനും താങ്ങാൻ കഴിയാത്തവിധമാണ് കാര്യങ്ങളുടെ പോക്കെന്ന് മലയാളികൾ പറയുന്നു.