കൊല്ലം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർഷകർക്കായി നടപ്പാക്കുന്ന ജീവനി - സഞ്ജീവനി പദ്ധതിയുടെ ഉദ്ഘാടനം വെട്ടിക്കവല കൃഷി വകുപ്പിന്റെയും ചക്കുവരയ്കൽ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ ക്ഷീര സംഘം അങ്കണത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഷൈൻ പ്രഭ ആദ്യ ഉത്പ്പന്നം ഏറ്റ് വാങ്ങി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജെ. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ സിന്ധു, ജിനേഷ് എന്നിവർ പങ്കെടുത്തു. ഇവിടെ കാർഷിക ഉത്പന്നങ്ങൾ കേരള ഹോർട്ടികോർപ്പിന്റെ വിലയ്ക്ക് വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ 10 മുതൽ 12 മണി വരെ കൃഷി വകുപ്പ് ഉദ്യോസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കും മാർക്കറ്റിന്റെ പ്രവർത്തനം. കോവിഡ് കാലത്ത് കാർഷിക ഉത്പന്നങ്ങൾ വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മാർക്കറ്റ് ആരംഭിച്ചത്.