തൊടിയൂർ: കാലിക്കുപ്പികളും ചിരട്ടയും ഓലമടലുമൊക്കെ വിദ്യാർത്ഥിനിയായ ജി. ശേഖയ്ക്ക് പാഴ് വസ്തുക്കളല്ല. അവയെ മനോഹരമായ കൗതുക വസ്തുക്കളാക്കി മാറ്റും. കമുകിൻപാളയും പൊട്ടിയ പൊങ്കാല കലങ്ങളുമൊക്കെ ശേഖയുടെ കരവിരുതിൽ ചാരുതയാർന്ന കലാരൂപങ്ങളാകും. ലോക്ക് ഡൗൺ കാലത്ത് കരവിരുതിന്റെ വൈവിദ്ധ്യം വിളിച്ചോതുന്ന ഒട്ടേറെ കൗതുക വസ്തുക്കളാണ് എം.എസ്‌സി വിദ്യാർത്ഥിനിയായ ശേഖ അണിയിച്ചൊരുക്കുന്നത്. കുപ്പിയും ഓലമടലും നൂലും കൊണ്ട് സംഗീതോപകരണങ്ങളായ ഗിത്താറും വയലിനുമാക്കും.വെള്ളപെയിന്റടിച്ച കുപ്പിയിൽ എഴുതി ചേർത്ത 2020-ലെ കലണ്ടർ, ചിരട്ട കഷ്ണങ്ങൾ ഫെവിക്കോൾ കൊണ്ട് ഒട്ടിച്ച് കറുപ്പ് പെയിന്റടിച്ച് മനോഹരമാക്കിയ കുപ്പി. വിവിധ വർണങ്ങളിലുള്ള പാളയിൽ തീർത്ത പൂക്കൾ, മ്യൂറൽ പെയിന്റിംഗിലൂടെ യുവതിയുടെ മനോഹരമായ ചിത്രമാണ് കൂജയെ വർണാഭമാക്കുന്നത്. പാളയിൽ തീർത്ത പൂങ്കുല, പൊങ്കാല ഇടാൻ ഉപയോഗിച്ച കലങ്ങളിൽ തീർത്ത പൂച്ചട്ടികൾ, പെൻസിൽ ഡ്രോയിംഗിന്റെ മനോഹാരിതയോടെ നിരവധി ചിത്രങ്ങൾ.... ശേഖയുടെ ശേഖരത്തിൽ ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.
പഠനത്തിനിടെ ചിത്രരചനയ്ക്കും മറ്റുമായി കുറച്ചു സമയം ചെലവഴിച്ചിരുന്നു. എന്നാൽ കാര്യമായി എന്തെങ്കിലും ചെയ്യാനായത് ഇപ്പോഴാണെന്ന് ചെങ്ങന്നൂർ എസ്.എൻ കോളേജിലെ എം.എസ്‌സി ഫിസിക്സ് ഒന്നാം വർഷ വിദ്യാർത്ഥിനിയായ ജി.ശേഖ പറയുന്നു. 2019, 20 വർഷങ്ങളിൽ കേരള സർവകലാശാല യുവജനോത്സവത്തിൽ രംഗോലിയിൽ മൂന്നാംസ്ഥാനവും 2019-ൽ പോസ്റ്റർ മേക്കിംഗിൽ രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. തൊടിയൂർ കല്ലേലിഭാഗം കോയിപ്പുറത്ത് വീട്ടിൽ ഇലക്ട്രീഷ്യനായ ബാബുവിന്റെയും കരുനാഗപ്പള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ ഗീതയുടെയും മകളാണ്. സഹോദരൻ: പ്ലസ്ടു വിദ്യാർത്ഥി ശബരി.