c
ഇറച്ചിക്കോഴി വില താഴുന്നില്ല; 140 വരെ ഈടാക്കുന്നു

കൊല്ലം: ലോക്ക് ഡൗണിന്റെ ആദ്യ ദിനത്തിൽ ഇറച്ചിക്കോഴിക്ക് ഉയർത്തിയ വില ആഴ്ചകൾ പിന്നിട്ടിട്ടും താഴുന്നില്ല. കഴിഞ്ഞ ദിവസം 128 മുതൽ 140 രൂപ വരെ ഒരു കിലോ ഇറച്ചിക്കോഴിക്ക് ഈടാക്കിയ വിൽപ്പന കേന്ദ്രങ്ങളുണ്ട്. അരിയും പയറും പോലെ കൃത്യമായ വില നിർണയിക്കാൻ ആകാത്തതിനാൽ സർക്കാർ സംവിധാനങ്ങൾ വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ല. ലോക്ക് ഡൗണിന് തൊട്ട് മുമ്പുണ്ടായ പക്ഷിപ്പനിയുടെ ഭയത്തിൽ വിൽപ്പന വൻ തോതിൽ ഇടിഞ്ഞിരുന്നു. മൂന്ന് കോഴി 100 രൂപയ്ക്ക് വിറ്റഴിക്കേണ്ടി വന്നതോടെ നഷ്ടത്തിലേക്ക് വീണ തമിഴ്നാട്ടിലെ പല ഫാമുകളും പ്രവർത്തനം താൽകാലികമായി അവസാനിപ്പിച്ചിരുന്നു. മറ്റിടങ്ങളിൽ കോഴിക്കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതും പതിവാക്കി. ലോക്ക് ഡൗൺ തുടങ്ങിയതോടെ മത്സ്യ ലഭ്യത കുറഞ്ഞതിനൊപ്പം അതിർത്തി കടന്ന് വിഷ മത്സ്യങ്ങൾ വൻ തോതിൽ ജില്ലയിലേക്കെത്തി. ഇതോടെ ഇറച്ചിക്കോഴിക്ക് ആവശ്യക്കാരേറി, വിലയും ഉയർന്നു. തമിഴ്നാട്ടിൽ കോഴിയുടെ ലഭ്യത കുറഞ്ഞതും വില ഉയർന്നതുമാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുമ്പോഴും അമിത വില പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് താങ്ങാനാകുന്നില്ല. ഇതിന്റെ മറവിൽ ജനങ്ങളെ ചൂഷണം ചെയ്ത് അമിതലാഭം കൊയ്യുന്ന വ്യാപാരികളും കുറവല്ല.