waste
കനാലിന് സമീപത്തെ പുരയിടത്തിൽ മാലിന്യം പ്ളാസ്റ്റിക് കവറുകളിൽ കെട്ടി നിക്ഷേപിച്ച നിലയിൽ

ചാത്തന്നൂർ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജനങ്ങൾ വീടുകളിൽ കഴിയുന്നത് മുതലെടുത്ത് ഇറച്ചി മാലിന്യം ഉൾപ്പെടെ റോഡിന്റെ വശങ്ങളിലും പുരയിടങ്ങളിലും തള്ളുന്നതായി പരാതി. ചിറക്കര ഗ്രാമപഞ്ചായത്ത് കോളേജ് വാർഡിലെ 121-ാം നമ്പർ അങ്കണവാടിക്ക് സമീപത്തെ കനാൽ റോഡിലും പരിസരത്തുമാണ് മാലിന്യ നിക്ഷേപം രൂക്ഷമാകുന്നത്.

കനാൽ ജലം ഒഴുകിവരുന്ന പ്രദേശമായതിനാൽ ഇവിടെ നിക്ഷേപിക്കുന്ന മാലിന്യം സമീപത്തെ വീടുകളിലെ കിണറുകളിലുൾപ്പെടെ എത്തുന്നതായി നാട്ടുകാർ പറയുന്നു. ഇതുമൂലം ജനങ്ങൾ പകർച്ചവ്യാധി ഭീഷണിയിലാണ്. മാലിന്യകൂമ്പാരത്തിൽ നിന്ന് വമിക്കുന്ന രൂക്ഷഗന്ധം കാരണം നാട്ടുകാർ ഇതുവഴി സഞ്ചരിക്കാനും കഴിയാത്ത സ്ഥിതിയാണ്.

ലോക്ക് ‌ഡൗൺ പ്രഖ്യാപിച്ചതോടെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെയാണ് മാലിന്യം തള്ളുന്നത്.