കൊല്ലം: ജില്ലയുടെ തീരദേശ മേഖലകളിൽ വേലിയേറ്റം ശക്തി പ്രാപിക്കുന്നു. കൊല്ലം മയ്യനാട് കാക്കത്തോപ്പ്, പൊഴിക്കര മുക്കം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ശക്തമായ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറുകയാണ്. പുലിമുട്ടുകൾ ഇല്ലാത്ത ഭാഗത്ത് ശക്തമായ തിരകൾ കരയിലേക്ക് ഇടിച്ച് കയറുമ്പോൾ ശേഷിക്കുന്ന കരഭാഗങ്ങൾ കൂടി ഇടിഞ്ഞുതാഴ്ന്ന് കടലെടുക്കുകയാണ്.
തെക്കുംഭാഗം ചില്ലയ്ക്കൽ മേഖലയിൽ അരകിലോമീറ്രറോളം ഭാഗത്ത് കര ഇടിഞ്ഞു. പുലിമുട്ടിന് പകരം മണൽ ചാക്കുകളാണ് ഇവിടെ പല ഭാഗത്തുമുള്ളത്. വേലിയേറ്റമുണ്ടാകുമ്പോൾ മണൽ നിറച്ച ജിയോ ബാഗുകൾക്ക് വേണ്ട തരത്തിൽ തിരകളെ പ്രതിരോധിക്കാൻ കഴിയാറില്ല. കച്ചിക്കടവിലും പുലിമുട്ടില്ലാത്തതിന്റെ ബുദ്ധിമുട്ട് തീരത്തെ ജനങ്ങൾ അനുഭവിക്കുകയാണ്. മയ്യനാട് കാക്കത്തോപ്പിൽ പുലിമുട്ട് നിർമ്മാണം ഇതുവരെയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കരുനാഗപ്പള്ളി അഴീക്കൽ മേഖലകളിൽ കൊല്ലം തീരത്തേത് പോലുള്ള ശക്തമായ തിരമാലകൾ ഉണ്ടാകുന്നില്ല. എന്നാൽ ഏത് സമയവും കടലിന്റെ സ്ഥിതി മാറിയേക്കാം. ശക്തമായ വേലിയേറ്റത്തിനും തീര മേഖലകളിൽ വെള്ളം കയറാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പഠന കേന്ദ്രം അറിയിച്ചിരുന്നു. മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു. നിലവിൽ കൊല്ലത്ത് നിന്ന് ട്രോളിംഗ് ബോട്ടുകൾ കടലിൽ പോകുന്നില്ല.