ചാത്തന്നൂർ: ലോക്ക് ഡൗൺ വകവയ്ക്കാതെ ഇന്നലെ ജനങ്ങൾ പെൻഷൻ വാങ്ങാനും വിഷുക്കണി ഒരുക്കാനും വീടുവിട്ട് പുറത്തിറങ്ങിയതോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് പണിപ്പെട്ടു. ചാത്തന്നൂർ, ചിറക്കര, ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി മേഖലകളിലെ ബാങ്കുകളിൽ രാവിലെ പ്രവർത്തനം തുടങ്ങുന്നതിനും വളരെ മുമ്പ് തന്നെ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ചാത്തന്നൂർ പൊലീസ് സ്റ്റേഷന് സമീപത്തെ എസ്.ബി.ഐയിൽ രാവിലെ എത്തിയത് മുന്നൂറോളം പേർ.
അഞ്ച് മാസത്തെ പെൻഷൻ തുക നൽകുമെന്ന അറിയിപ്പിലാണ് കൂടുതൽ പേരും എത്തിയത്. സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയവരെ ടോക്കൺ നൽകി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് എസ്.ഐ സരിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി അകലം പാലിക്കണമെന്നും അല്ലാത്തവർക്കെതിരെ കേസെടുക്കുമെന്നും അറിയിപ്പ് നൽകി. ഇതോടെയാണ് ഇവിടെ ജനങ്ങളുടെ തിക്കുംതിരക്കിനും ശമനമായത്.
ചാത്തന്നൂർ ജംഗ്ഷനിലെ ഐ.ഒ.ബിയിലും പെട്രോൾ പമ്പിന് സമീപത്തെ എസ്.ബി.ഐയിലും പൊലീസെത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്. ആദിച്ചനല്ലൂരിലെ കനറാ ബാങ്കിന് മുന്നിൽ ജനക്കൂട്ടം തിങ്ങി നിറഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി നിയന്ത്രിച്ചു.
അതേസമയം സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കണ്ണട കടകളും ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മിക്സി എന്നിവ നന്നാക്കുന്ന കടകളും തുറന്നെങ്കിലും കാര്യമായ തിരക്ക് ഇല്ലായിരുന്നു. പച്ചക്കറി കടകളിലും പലചരക്ക് കടകളിലും പതിവിലുമധികം തിരക്കനുഭവപ്പെട്ടു. ദേശീയപാതയിലൂടെ സ്വകാര്യ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന കാഴ്ചയായിരുന്നു ഇന്നലെ കണ്ടത്.