463 വാഹനങ്ങൾ പിടിച്ചെടുത്തു
കൊല്ലം: വിഷുതലേന്ന് നിയന്ത്രണങ്ങൾ അവഗണിച്ച് കാഴ്ച കാണാൻ ഇറങ്ങിയ 528 പേരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവർക്കെതിരെ 521 കേസുകൾ രജിസ്റ്റർ ചെയ്ത് 463 വാഹനങ്ങൾ പിടിച്ചെടുത്തു. ഇന്ന് പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കാൻ പൊലീസ് തീരുമാനിച്ചു. കൊല്ലം റൂറൽ പൊലീസ് പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ 265 കേസുകളിലായി 271 പേരെ അറസ്റ്റ് ചെയ്ത് 237 വാഹനങ്ങൾ പിടിച്ചെടുത്തു. കൊല്ലം സിറ്റി പൊലീസ് പരിധിയിൽ 256 കേസുകളിലായി 257 പേരെ അറസ്റ്റ് ചെയ്ത് 226 വാഹനങ്ങൾ പിടിച്ചെടുത്തു. നിബന്ധനകൾ പാലിക്കാതെ മൂന്നാംകുറ്റിയിൽ ആട്ടോ ഗ്യരേജ് തുറന്ന് പ്രവർത്തിപ്പിച്ചതിന് കടപ്പാക്കട സ്വദേശി സൈജു (41), സ്റ്റേഷനറി കട തുറന്ന് ആൾക്കൂട്ടം സൃഷ്ടിച്ചതിന് കിളികൊല്ലൂർ സ്വദേശിയായ അബ്ദുൾ ജബ്ബാർ(67) എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ നിരന്തര നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്. അവരുടെ പരാതികൾക്ക് കൃത്യമായ പരിഹാരം പൊലീസ് ഉറപ്പ് വരുത്തുന്നുണ്ട്.