നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ താഴ്ന്നു
കൊല്ലം: സംസ്ഥാനത്തിലേത് പോലെ നഗരത്തിലും കൊവിഡ് ഭീതി അകലുന്നു. 2924 പേർ വരെ നഗരത്തിൽ ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത് ഇന്നലെ 1813 ആയി കുറഞ്ഞു. ഇന്ന് വലിയൊരു വിഭാഗം നിരീക്ഷണത്തിൽ നിന്ന് ഒഴിവാകും. ഇന്നലെ എട്ട് പേരാണ് പുതുതായി ഗൃഹ നിരീക്ഷണത്തിലായത്.
പ്രതിരോധവും സംരക്ഷണവും
കൊവിഡ് പ്രതിരോധത്തിനായി നഗരസഭ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവർക്കെല്ലാം മൂന്ന് നേരത്തെ ഭക്ഷണം സൗജന്യമായി വീടുകളിലെത്തിച്ച് നൽകുന്നുണ്ട്. സ്ത്രീകൾ ഉൾപ്പടെ 285 അന്യസംസ്ഥാന തൊഴിലാളികളെ അഞ്ച് കേന്ദ്രങ്ങളിലായി പാർപ്പിച്ചിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെ രണ്ട് നൈറ്റ് ഷെൽട്ടറുകളിൽ പാർപ്പിച്ചിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികൾക്കും യാചകർക്കും സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആരും പട്ടിണി ആകാതിരിക്കാൻ നഗരത്തിൽ അഞ്ച് ജനകീയ ഹോട്ടലുകളും മൂന്ന് സാമൂഹിക അടുക്കളകളും പ്രവർത്തന സജ്ജമാണ്. സാമൂഹിക അടുക്കളകളിൽ നിന്ന് രോഗികൾക്കും അശരണർക്കും മൂന്ന് നേരം ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്. നഗരവാസികളിൽ പലരും സംഭാവനയായി ഇവിടേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകുകയാണ്.
സാമൂഹിക അടുക്കളകൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഫണ്ട് കണ്ടെത്താൻ നഗരസഭ പ്രത്യേകം അക്കൗണ്ട് ആരംഭിച്ചു. വാടക വീടുകളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യമായ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പലതവണ വിതരണം ചെയ്തു. ബസ് സ്റ്റാൻഡുകൾ, ചന്തകൾ, കംഫർട്ട് സ്റ്റേഷൻ എന്നിവ നഗരസഭ ആരോഗ്യവിഭാഗവും ഫയർഫോഴ്സും സംയുക്തമായി ഇടയ്ക്കിടെ അണവിമുക്തമാക്കുന്നുണ്ട്.