ramaber
ടാപ്പിംഗ് നടത്തുന്ന തൊഴിലാളി

പത്തനാപുരം : ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ജില്ലയിലെ റബർ കർഷകരും തൊഴിലാളികളും അനുബന്ധ മേഖലകളും കടുത്ത പ്രതിസന്ധിയിലായി. ഇളവുകൾ പലതും ലഭിച്ചിട്ടും കരകയറാനാകുന്നില്ലെന്ന് റബർ കർഷകർ പറയുന്നു. ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ റെയിൻ ഗാർഡിംഗിന് അനുമതി ലഭിച്ചെങ്കിലും അതിനാവശ്യമായ പ്ലാസ്റ്റിക്ക്‌, ഷേഡ്‌, പശ, ചില്ല് എന്നിവയുടെ ഉത്പാദനം, ചരക്ക് ഗതാഗതം എന്നിവ ഇല്ലാത്തത് തിരിച്ചടിയായി. കൂടാതെ റബർ വിൽപ്പനയ്ക്ക്‌ അനുമതിയില്ലാത്തതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. റെയിൻ ഗാർഡിംഗ്‌ നീണ്ടു പോയാൽ റബർ ടാപ്പിംഗ്‌ തുടങ്ങാനാകില്ല. റബർ കൃഷിയെ ആശ്രയിച്ച് കഴിയുന്നവർ അരപ്പട്ടിണിയിലാണ്. സർക്കാർ മറ്റ് പല മേഖലകളിലും നിരവധി സഹായങ്ങൾ പ്രഖ്യാപിച്ചെങ്കിലും റബർ മേഖലയ്ക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന പരാതി ശക്തമാണ്. റബർ കാർഷിക മേഖലയ്ക്കും അനുബന്ധ മേഖലകൾക്കും ഘട്ടംഘട്ടമായെങ്കിലും പ്രവർത്തനാനുമതി നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

കൈയുറകളുടെ നിർമ്മാണവും വൈകും

റബർ പാലുൽപ്പാദനം നീണ്ടുപോകുന്ന സാഹചര്യത്തിൽ ലാറ്റക്സ്‌ ഫാക്ടറിയുടെ കൈയുറയുടെയും ഗ്ലൗസുകളുടെയും മറ്റു ഉത്പന്നങ്ങളുടെയും നിർമ്മാണം വൈകും. ഉത്പാദിപ്പിക്കപ്പെടുന്ന റബർ പാൽ ലാറ്റക്സ്‌ കമ്പനിയിലെത്തിക്കാൻ അനുമതിയുണ്ടെങ്കിലും അതിന്റെ വിതരണക്കാർ തയ്യാറാകുന്നില്ലെന്നാണ് പരാതി. വർഷത്തിൽ മഴ മാറി നിൽക്കുന്ന സീസണിലാണ് ഏറ്റവും കൂടുതൽ റബർ പാൽ ഉത്പാദനം നടക്കുന്നത്.