കൊവിഡ് പരക്കുന്നതിനാൽ സ്വന്തം നാട്ടിലേക്ക് പോകാനാകാതെ വിദേശ രാജ്യങ്ങളിൽ പെട്ടുപോയവർ നിരവധിയുണ്ട്. അതിൽ തമിഴ് നടൻ വിജയ്‌യുടെ മകൻ ജെയ്സണും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കാനഡയിലാണ് വിജയ്‌യുടെ മകനുള്ളത്. കാനഡയിൽ കൊവിഡ് കേസുകളും മരണങ്ങളും കൂടിവരുന്ന സാഹചര്യമാണ്. 24000 ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറിൽപരം മരണങ്ങളും കാനഡയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാനഡയുടെ ഇപ്പോഴത്തെ അവസ്ഥ വിജയ്‌യെ ആശങ്കപ്പെടുത്തുന്നുണ്ട്.
രാജ്യം കൊവിഡിനോട് പൊരുതുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം ചെന്നൈയിലാണ് വിജയ് താമസിക്കുന്നത്. അച്ഛന്റെയും മുത്തച്ഛൻ എസ്.എ ചന്ദ്രശേഖറിന്റെയും പാത പിൻതുടർന്നുകൊണ്ട് കാനഡയിൽ ഫിലിം സ്റ്റഡീസാണ് സഞ്ജയ് പഠിക്കുന്നത്. സിനിമാ പഠനത്തിന്റെ ഭാഗമായി ജെയ്സൺ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങൾ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. ചില ചിത്രങ്ങളിൽ ജെയ്സൺ അഭിനയിക്കുകയും ചെയ്തിരുന്നു.
തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ജെയ്സൺ എന്നും വാർത്തകളുണ്ടായിരുന്നു.
ധ്രുവ് വിക്രമിനെയും ജെയ്സണിനെയും നായകരാക്കിയുള്ള ചിത്രത്തെക്കുറിച്ചായിരുന്നു വാർത്തകൾ. ശങ്കറാണ് ഇരട്ടനായകരുള്ള സിനിമ സംവിധാനം ചെയ്യുന്നതെന്നായിരുന്നു റിപ്പോർട്ട്.