കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണിലാണെങ്കിലും ഹാപ്പിയാണെന്ന് നടി സംവൃത. മക്കളൊപ്പമുള്ളതിനാൽ തനിക്കു വേറെ ഒന്നിനും സമയമില്ലെന്നാണ് സംവൃത പറയുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിൽ മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവൃത ക്വാറന്റൈൻ അനുഭവം പറയുന്നത്.
"കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റെെനിലാണെങ്കിലും എന്റെ കെെകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതിൽ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കുന്നവരോട് പറയാനുള്ളത് ഞങ്ങളിപ്പോൾ സുരക്ഷിതരാണെന്നാണ്. കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു." സംവൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചു
കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന സംവൃത 2019 ൽ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്. രണ്ടാമതൊരു കുഞ്ഞ് ജനിച്ച വിവരം ഫെബ്രുവരിയിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് സംവൃത അറിയിച്ചത്. അഖിൽ ജയരാജ് ആണ് സംവൃതയുടെ ഭർത്താവ്. ഇരുവർക്കും അഞ്ച് വയസുള്ള അഗസ്ത്യ എന്നൊരു മകൻ കൂടിയുണ്ട്.