കൊല്ലം: തമിഴ്നാട്ടിൽ കൊവിഡ് 19 വൈറസ് വ്യാപകമായത് കണക്കിലെടുത്ത് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചരക്കുമായെത്തുന്ന വാഹനങ്ങളുടെ പരിശോധന കർശനമാക്കി. ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിലാണ് വാഹനങ്ങൾ തടഞ്ഞ് പരിശോധിക്കുക. ജില്ലാ കളക്ടറുടടെ നിർദ്ദശത്തെ തുടർന്ന് ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ നേരിട്ടെത്തിയാണ് പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ പൊലീസിനും ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയത്. വാഹനങ്ങളിലെ ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും ഡ്രൈവിംഗ് ലൈസൻസ് അടക്കമുളള രേഖകൾ പരിശോധിച്ച ശേഷം അതിന്റെ പകർപ്പുകൾ ഔട്ട് പോസ്റ്റിൽ സൂക്ഷിക്കണം. ചരക്ക് ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് തികെ മടങ്ങി വരുമ്പോൾ ഇവർ തന്നെയാണോ വാഹനങ്ങൾ ഓടിക്കുന്നതെന്ന് പരിശോധിച്ച് വിലയിരുത്തിയ ശേഷമേ കടത്തിവിടാവൂ. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1000ത്തിന് പുറത്തായത് കണക്കിലെടുത്താണ് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയത്. ജില്ലാ കളക്ടർ ബി. അബ്ദുൽനാസർ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിലെ വാഹന പരിശോധന നേരിട്ട് കണ്ട് വിലയിരുത്താൻ ആര്യങ്കാവിൽ സന്ദർശനം നടത്തുമെന്നും ആർ.ഡി.ഒ അറിയിച്ചു.