കരുനാഗപ്പള്ളി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ കക്ക വാരിയും നീറ്റിയും ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ ജീവിതം ദുരതപൂർണമായി. അസംഘടിത മേഖലയിലുള്ള കക്ക വാരൽ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കുമോ എന്നതിൽ വ്യക്തതയില്ല. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കക്ക വാരൽ, കക്ക നീറ്റ് തൊഴിലാളികളുള്ളത്. കക്ക വാരലും നീറ്റലും മറ്റ് അനുബന്ധ ജോലികളും ഉപജീവനമാക്കിയ ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ലോക്ക് ഡൗണിനെ തുടർന്ന് പണിയില്ലാതായത്. കേരളത്തിൽ കക്കവാരലിന് ഒന്നാം സ്ഥാനം വേമ്പനാട്ട് കായലിനും രണ്ടാം സ്ഥാനം അഷ്ടമുടിക്കായലിനുമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ളത് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്. നീറ്റ് കക്കയിൽ നിന്നാണ് ചുണ്ണാമ്പ് ഉണ്ടാക്കുന്നത്. കക്ക നീറ്റുന്ന ഒരു ചൂളയിൽ 5 തൊഴിലാളികളാണ് പണിയെടുക്കുന്നത്. തുച്ഛമായ വേതനമാണ് ഇവർക്ക് ലഭിക്കുന്നത്. ചുണ്ണാമ്പ് നീറ്റുന്നിടത്ത് 3 തൊഴിലാളികൾ വേണ്ടി വരും. ചവറ ടൈറ്റാനിയം ഉൾപ്പെടെയുള്ള പൊതു മേഖലാ സ്ഥാപനങ്ങൾക്ക് കുമ്മായം ആവശ്യമാണ്. ടൈറ്റായിനം ഫാക്ടറിയിലേക്ക് ആഴ്ചയിൽ 10 ടൺ കുമ്മായം വേണ്ടിവരുമെന്നാണ് കണക്ക്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനും കാലിത്തീറ്റ, കോഴിത്തീറ്റ, ബ്ലീച്ചിംഗ് പൗഡർ എന്നിവയുടെ ഉല്പാദനത്തിനും കുമ്മായം അനിവാര്യമായ ഘടകമാണ്. ലോക്ക് ഡൗൺ നിവലിൽ വന്നതോടെ കക്ക വാരൽ തൊഴിൽ മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.
കൂടുതൽ തൊഴിലാളികൾ കൊല്ലത്തും ആലപ്പുഴയും
കേരളത്തിൽ കക്കവാരലിന് ഒന്നാം സ്ഥാനം വേമ്പനാട്ട് കായലിനും രണ്ടാം സ്ഥാനം അഷ്ടമുടിക്കായലിനുമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികലുള്ളത് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ്. കക്ക നീറ്റുന്ന ഒരു ചൂളയിൽ 5 തൊഴിലാളികളാണ് പണിയെടുക്കുന്നത്. തുച്ഛമായ വേതനമാണ് ഇവർക്ക് ലഭിക്കുന്നത്. ചുണ്ണാമ്പ് നീറ്റുന്നിടത്ത് 3 തൊഴിലാളികൾ വേണ്ടി വരും.