ചിരിപ്പിച്ചും ചിന്തിപ്പിച്ചും സോഷ്യൽ മീഡിയയിൽ എന്നും താരമാണ് കേരള പൊലീസ്. ട്രോളുകളും ബോധവത്കരണ വീഡിയോകളും രസകരമായി തന്നെ ആളുകളിലേക്ക് എത്തിക്കുന്നതിൽ പൊലീസിന്റെ ഫേസ്ബുക്ക് പേജ് തന്നെയാണ് ഒന്നാമത്. ഈ കൊവിഡ് കാലത്തും കേരള പൊലീസിന്റെ പല വീഡിയോകളും ആളുകൾ ഏറ്റെടുത്തിരുന്നു. വീണ്ടും കൊവിഡുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.
ഇത്തവണ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമുണ്ട്. ഇത് കരുതലിന്റെ കാലമാണെന്നും, നേരമ്പോക്കുകളും വിനോദങ്ങളും കുറച്ച് കാലത്തേക്ക് വേണ്ടെന്ന് വയ്ക്കാമെന്നും സർക്കാരിന്റെയും പൊലീസിന്റെയും നിർദേശങ്ങൾ പാലിക്കാമെന്നുമാണ് സഞ്ജുവിന്റെ സന്ദേശം.
മേയ് മൂന്ന് വരെ ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം. എന്നാലും കളിക്കാനും നേരമ്പോക്കിനുമായി ആളുകൾ കവലയിലേക്കും പാടത്തേക്കുമൊക്കെയിറങ്ങുന്നത് പതിവാണ്. ഇത്തരക്കാരെ പിടികൂടാൻ ഡ്രോണുകളാണ് കേരള പൊലീസ് ഉപയോഗിക്കുന്നത്. ഡ്രോൺ നിരീക്ഷണത്തിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. നേരത്തെ കോവിഡ് 19നെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി കേരള പൊലീസ് പുറത്തിറക്കിയ ഡാൻസ് വിഡിയോയും വൈറലായിരുന്നു.